വാഹനക്കടത്ത് ; അന്വേഷണം നടത്തുമെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍

ഭൂട്ടാന്‍ : കേരളത്തില്‍ പിടികൂടിയ എസ്യുവി ,ലക്ഷ്വറി വാഹനങ്ങള്‍ ഇന്ത്യയിലെത്തിച്ചത് അനധികൃതമായാകാമെന്ന് ഭൂട്ടാന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി. ഭൂട്ടാനില്‍ ഡീ – രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ മാത്രമാണ് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയുള്ളൂ. എസ്യുവി ,ലക്ഷ്വറി വാഹനങ്ങള്‍ അങ്ങനെ ഡി-രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ട്രാന്‍സ്പോര്‍ട് അതോറിറ്റി വ്യക്തമാക്കി. വാഹനങ്ങള്‍ എങ്ങനെ കേരളത്തില്‍ എത്തിയെന്ന് അന്വേഷിക്കുമെന്ന് ഭൂട്ടാന്‍ റവന്യു കസ്റ്റംസും വ്യക്തമാക്കി.

അതേസമയം ഭൂട്ടാന്‍ വാഹനക്കടത്ത് 7 കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും.വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം തന്നെ അന്വേഷിക്കും . മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിബിഐയും കള്ളപ്പണ ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുംജി എസ് ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗവും അന്വേഷിക്കും. വിദേശ ബന്ധവും റാക്കറ്റ് ഉള്‍പ്പെട്ട മറ്റു തട്ടിപ്പുകളും എന്‍ഐഎയും അന്വേഷണത്തിന് ആവശ്യമായ രഹസ്യവിവരങ്ങള്‍ ഐബിയും, ഡിആര്‍ഐയും ശേഖരിക്കും

ഭൂട്ടാന്‍ വാഹന കടത്തിന് പിന്നില്‍ വന്‍ രാജ്യാന്തര വാഹന മോഷണ സംഘമാണെന്ന് കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്തതെന്ന പേരില്‍ കേരളത്തില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും മോഷ്ടിച്ച വാഹനങ്ങള്‍ ഭൂട്ടാന്‍ വഴി കടത്തിയെന്നും സംശയിക്കുന്നുണ്ട്. വാഹനങ്ങള്‍ പൊളിച്ച് ഭൂട്ടാനില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗമാണ് ഇന്ത്യയിലെത്തിച്ചത്. പരിവാഹന്‍ സൈറ്റിലടക്കം ക്രമക്കേട് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. സിനിമാതാരങ്ങള്‍ അടക്കമുള്ളവരെ ഇടനിലക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഡല്‍ഹിയും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍ക്കായി കസ്റ്റംസ് അന്വേഷണം വ്യാപകമാക്കും. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കുണ്ടന്നൂരില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂസറിന്റെ നിലവിലത്തെ ഉടമയാണ് മാഹിന്‍.

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ മാഹിനില്‍ നിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. അനധികൃതമായി വാഹനം കടത്താന്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. നടന്‍ അമിത് ചക്കാലയ്ക്കലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ഇടനിലസംഘത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് മാഹിനില്‍ നിന്ന് ഡല്‍ഹിയിലെ ഇടനിലക്കാരെക്കുറിച്ച് വിവരം ലഭിച്ചത്. ഡല്‍ഹിയിലെ സംഘം വഴി കേരളത്തിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ടോ, സംസ്ഥാനത്ത് ഇവരുടെ ഇടനിലക്കാരുണ്ടോ എന്നതിലടക്കം മാഹിനില്‍ നിന്ന് വിവരം തേടും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top