ബാക് ടു കാമ്പസ് നൈപുണി പരിശീലനം; ലക്ഷത്തിലേറെ തൊഴിലുകൾ കണ്ടെത്തി കഴിഞ്ഞതായി മുഖ്യമന്ത്രി

HIGHLIGHTS : Back to campus skill training; Chief Minister says over one lakh jobs have been found

കെ-ഡിസ്‌ക്ക് നേതൃത്വത്തിൽ നടപ്പാക്കുന്ന വിഞാനകേരളം പദ്ധതിയുടെ ഭാഗമായുള്ള ബാക് ടു കാമ്പസ് നൈപുണി പരിശീലന പദ്ധതിയിലൂടെ ഇതിനകം തന്നെ ഒരു ലക്ഷത്തിൽ അധികം തൊഴിലുകൾ കണ്ടെത്തി കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോളിടെക്‌നിക്, ഐടിഐ, എഞ്ചിനീയറിങ് കോളേജുകളിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കി, ജോലി തേടുന്നവർക്ക് നൈപുണി പരിശീലനം നൽകുന്ന ബാക് ടു കാമ്പസ് നൈപുണി പരിശീലന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കനകക്കുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

60,000 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനമാണ് പദ്ധതി വഴി നടപ്പാക്കുന്നത്. പദ്ധതിയിൽ ഇതിനകം തന്നെ 40,000 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നിലവിൽ കോഴ്‌സ് പൂർത്തിക്കിയവർക്ക് പുറമേ മുൻവർഷങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിൽ തേടുന്നവർക്കും പദ്ധതി നടപ്പാക്കുന്നുണ്ട്.

നവ ലോകത്തിന് അനുയോജ്യമായ തൊഴിലുകൾ ലഭ്യമാക്കാൻ നൈപുണി പരിശീലനം ഒഴിവാക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിജ്ഞാന സമ്പത് വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്റെ പരിവർത്തനത്തിൽ വിജ്ഞാനകേരളം പദ്ധതിയ്ക്ക് വലിയ സ്ഥാനമാണുള്ളത്. 35 ലക്ഷം പേർക്ക് നൈപുണി പരിശീലനം നൽകുക, ഇവരിൽ ചുരുങ്ങിയത് 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോളജ് ഇക്കണോമി മിഷൻ സ്ഥാപിതമായിട്ടുള്ളത്. നമ്മുടെ കാമ്പസുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പഠിച്ച വിഷയത്തിൽ നൈപുണ്യം ഇല്ലാതെ പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പരിപാടിയിൽ മുൻ ധനകാര്യ മന്ത്രിയും വിജ്ഞാനകേരള പദ്ധതി ഉപദേശകനുമായ ടി തോമസ് ഐസക് അധ്യക്ഷത വഹിച്ചു. കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ജഗതിരാജ് വി പി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ, കെഎഎസ്സി മാനേജിങ് ഡയറക്ടർ സൂഫിയാൻ അഹമദ്, വിജ്ഞാനകേരളം സംസ്ഥാന അക്കാദമിക കോർഡിനേറ്റർ ഡോ. സുമേഷ് ദിവാകരൻ എന്നിവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!