അന്താരാഷ്ട്ര ബൊട്ടാണിക്കല്‍ കോണ്‍ഗ്രസില്‍ മലയാളി ഗവേഷകക്ക് പുരസ്‌കാരം

തേഞ്ഞിപ്പലം: സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന ഇരുപതാമത് അന്താരാഷ്ട്ര ബൊട്ടാണിക്കല്‍ കോണ്‍ഗ്രസ്സില്‍ മികച്ച പ്രബന്ധാവതരണത്തിനുള്ള അവാര്‍ഡ് കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗത്തിലെ ഡോ. സി. പ്രമോദിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന വി.വി. ദൃശ്യക്ക് ലഭിച്ചു. കാറ്റിലൂടെ വിതരണം ചെയ്യപ്പെടുന്ന വിത്തുകളില്‍ നടത്തിയ ഗവേഷണത്തിനാണ് അന്താരാഷ്ട്ര അംഗീകാരം. സര്‍വകലാശാലാ ബോട്ടണി വിഭാഗത്തില്‍ നിന്നു വിരമിച്ച അധ്യാപകന്‍ ഡോ. എ.കെ. പ്രദീപ്, തലശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഫിസിക്‌സ് വിഭാഗം അധ്യാപകന്‍ ഡോ. ടി.പി. സുരേഷ് എന്നിവരും ഗവേഷണത്തില്‍ പങ്കാളികളാണ്. സര്‍വകലാശാലാ ഫിസിക്‌സ് വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകന്‍ ഡോ. എം. ദിലീപ്കുമാര്‍, ബ്രണ്ണന്‍ കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകന്‍ ഡോ. സാബു എന്നിവരും സാങ്കേതിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

90 രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം പേര്‍ പങ്കെടുത്ത, ആറു വര്‍ഷത്തിലൊരിക്കല്‍ മാത്രം ചേരുന്ന അന്താരാഷ്ട്ര കോണ്‍ഗ്രസ് ഇത്തവണ ജൂലൈ 21 മുതല്‍ 27 വരെയാണ് മാഡ്രിഡില്‍ നടന്നത്. സസ്യവര്‍ഗ്ഗീകരണശാസ്ത്രവുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും രൂപീകരിക്കുന്നതും അംഗീകരിക്കപ്പെടുന്നതും ഇതിനോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിലാണ്267 സിമ്പോസിയങ്ങളിലായി നടന്ന 1600 ലധികം വരുന്ന പ്രബന്ധാവതരണങ്ങളില്‍ നിന്നാണ് ദൃശ്യയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 1000 യൂറോ (ഏകദേശം 91000 രൂപ) ആണ് അവാര്‍ഡ് തുക. കഴിഞ്ഞ വര്‍ഷം കാസര്‍കോട് നടന്ന കേരളാ ശാസ്ത്ര കോണ്‍ഗ്രസിലും ദൃശ്യയ്ക്ക് മികച്ച പ്രബന്ധാവതരണത്തിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച ബൊട്ടാണിക്കല്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ദൃശ്യയ്ക്ക് ആ മേഖലയിലും അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിനിയായ ദൃശ്യയുടെ ഗവേഷണ കേന്ദ്രം തലശേരി ഗവ. ബ്രണ്ണന്‍ കോളേജ് ആണ്. അഞ്ചരക്കണ്ടി വാഴവച്ചവളപ്പില്‍ കെ. ചന്ദ്രന്റെയും വി.വി. നിഷയുടെയും മകളാണ്. സഹോദരന്‍ ശിഥില്‍ വി.വി. (കുവൈറ്റ്).

 

Share news
error: Content is protected !!
Scroll to Top