തിരുവനന്തപുരം : ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച ഓട്ടോ ടാക്‌സി പണിമുടക്കില്‍ പലയിടത്തും സംഘര്‍ഷം വ്യാഴാഴ്ച രാവിലെ മുതല്‍ പലയിടത്തും ഓട്ടോ ടാക്‌സികള്‍ നിരത്തിലിറങ്ങിയില്ല. ഇതുമൂലം റെയില്‍വേസ്റ്റേഷനിലും, ബസ് സ്റ്റാന്‍ഡിലും എത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് പാളയം പള്ളിമുക്ക് പബ്ലിക് ലൈബ്രറി തുടങ്ങിയ സ്ഥലങ്ങളില്‍ ഓട്ടം പോകുകയായിരുന്ന ഓട്ടോറിക്ഷകളെ സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. രാവിലെ സമരാനുകൂലികളുടെ പ്രകടനവും നടന്നു. നിരക്ക് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഐ എന്‍ ടി യു സി ഉള്‍പ്പെടെയുള്ള 3 യൂണിയനുകള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. പണിമുടക്ക് നടത്തുന്നതില്‍ നിന്നും പിന്തിരിയാനായി സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധിപ്പിച്ചെങ്കിലും നിരക്ക് വര്‍ദ്ധനവ് പര്യാപ്തമല്ലെന്ന് ചൂണ്ടികാട്ടി ഭൂരിപക്ഷം യൂണിയനുകളും നേരത്തെ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായില്ല.
ഓട്ടേയുടെ മിനിമം നിരക്ക് 20 രൂപയും, ടാക്‌സിയുടേത് 150 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്. നിലവില്‍ ഒന്നേകാല്‍ കിലോമീറ്ററിന് 15 രൂപയായിരുന്ന ഓട്ടോ നിരക്ക് ഒന്നരകിലോമീറ്ററിന് 20 രൂപയായും, 5 കിലോമീറ്ററിന് 100 രൂപയായിരുന്ന ടാക്‌സി നിരക്ക് 150 രൂപയായും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം ഓരോ കിലോമീറ്ററിനും അധിക നിരക്കായി ഓട്ടോക്ക് പത്തും, ടാക്‌സിക്ക് 15 ഉം രൂപ നിരക്കില്‍ ചാര്‍ജ്ജ് ഈടാക്കാം. ഒക്‌ടോബര്‍ ഒന്നു മുതല്‍ നിരക്ക് നിലവില്‍ വരുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ അറിയിച്ചു.




