HIGHLIGHTS : Attakalari workshop
കണ്ണൂര്‍:കളരിയിലെ നൃത്തച്ചുവടുകള്‍ ക്ലാസിക്കല്‍ കളരിയൂടെ തനതുരൂപത്തില്‍ ആട്ടക്കളരിക്കു പുനര്‍ജന്മം. പയ്യന്നൂര്‍ ആസ്ഥാനമായുള്ള യുനെസ്‌കോ അംഗീകൃത ഏജന്‍സിയായ ഫോക് ലാന്‍ഡുമായി സഹകരിച്ച്, സാമ്പ്രദായിക രീതിയില്‍ കളരി അഭ്യസിപ്പിക്കുന്ന ആചാര്യന്‍ അഫ്സല്‍ സഹീര്‍ ഗുരുക്കളാണ് കളരിയെ നൃത്തവുമായി കോര്‍ത്തിണക്കിയുള്ള അപൂര്‍വ ശില്‍പശാല യാഥാര്‍ഥ്യമാക്കിയത്.
കളരിപ്പയറ്റിന്റെ നൃത്തരൂപേണയുള്ള അവതരണമാണ് ആട്ടക്കളരിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
അഫ്സല്‍ സഹീര്‍ ഗുരുക്കളുടെ നേതൃത്വത്തിലുള്ള പുകയൂര്‍ കുന്നത്ത് ഏനാവൂര്‍ കളരിയാണ് മൂന്നു ദിവസത്തെ ശില്‍പശാലയ്ക്കു വേദിയായത്.
ഗുരുക്കള്‍ക്കു പുറമെ പ്രശസ്ത നൃത്തകലാകാരന്‍ സുദീപ് പുതിയാര്‍മ്പന്‍, ഫ്രഞ്ച് കൊറിയോഗ്രാഫര്‍ മൈക്കിള്‍ ലെസ്റ്റ്രഹാള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പത്മശ്രീ ബാലന്‍ പൂതേരി ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ജയരാജന്‍ വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം എ.കെ.അനുരാജ്, എം.പ്രേമന്‍, ഡോ. കെ.എം.അരവിന്ദാക്ഷന്‍, വി.ടി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.