പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ചെട്ടിപ്പടി സ്വദേശികളായ കുട്ടുവിന്റെ പുരക്കല്‍ ഉബൈസ്(30), പിതാവ് ഉസ്മാന്‍(59), സഹോദരന്‍ നബീല്‍(28) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ ഉസ്മാന്റെ മകളും പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍കൂടിയായ മുഹസിനയും പ്രതിയാണ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചെട്ടിപ്പടി മാഞ്ചേരി വീട്ടില്‍ മുരളി(62)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. വീട്ടിലേക്ക് പോകുന്ന വഴി തടസപ്പെടുത്തിയെന്ന് ആരോപിച്ചുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അയല്‍വാസിയായ മുരളിയുടെ വീട്ടിലേക്ക് പ്രതികളായ ഇവരെത്തി വീട്ടിലുണ്ടായിരുന്ന നിലവിളക്ക്, കിണ്ടി,മടല്‍ എന്നിവ ഉപോയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരപ്പനങ്ങാടി സി ഐ വിനോദ് വലിയാട്ടൂര്‍ പറഞ്ഞു. ആക്രമണത്തിന്റെ സിസിടി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഏറെക്കാലമായി ഇരുവീട്ടുകാരും തമ്മില്‍ വഴിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മുരളിയുടെ മകനായ രഞ്ജിത്തും ഉസ്മാനും തമ്മില്‍ സംഭവം നടക്കുന്നതിന് കുറച്ച് മുന്‍പ് തര്‍ക്കമുണ്ടായതായും ഇത് ചോദിക്കാനായി മുരളിയുടെ വീട്ടിലേക്ക് ഉസ്മാനും മക്കളും വരികയും ഇവിടെ വെച്ച് മുരളിയെയും ഭാര്യയേയും മകനെയും ക്രൂരമായി മര്‍ദ്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനടക്കം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. പരപ്പനങ്ങാടിയില്‍ വെച്ചാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.
ഭീഷണിപ്പെടുത്തിയതിനും, തെറിവിളിച്ചതിനും , കൈകൊണ്ട് അടിച്ചതിനും മുരളിക്കും മകന്‍ രഞ്ജിത്തിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പരപ്പനങ്ങാടി,താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, കല്‍കഞ്ചേരി സി ഐ മാരുടെ നേതൃത്വത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




