നിയമസഭാ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ് മാര്‍ച്ച് 30 മുതല്‍

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിന് നടക്കാനിരിക്കെ ഹോം വോട്ടിങ് ഈ മാസം 30ന് ആരംഭിക്കും. ജില്ലയില്‍ ഇതുവരെ പതിനൊന്നായിരത്തോളം വോട്ടര്‍മാരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷിച്ചിട്ടുള്ളത്. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 181 പേരടങ്ങുന്ന ടീമിനെയാണ് ഹോം വോട്ടിങിനായി നിയോഗിച്ചിട്ടുള്ളത്.

മുന്‍കൂട്ടി അപേക്ഷിച്ച 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിങ്ങിന് അവസരം. ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു. പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന ഒരു പോളിംഗ് ടീം വീടുതോറും സന്ദര്‍ശിച്ച് വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കും. വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം നിന്ന് നടപടിക്രമങ്ങള്‍ വീക്ഷിക്കാനാവും.

ഇത് വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ കോട്ടക്കല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ഹോം വോട്ടിങ് അപേക്ഷകരുള്ളത്. ഹോം വോട്ടിങ് സംബന്ധിച്ച വിവരം വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് പോളിങ് ബൂത്തുകളില്‍ ചെന്ന് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയില്ല.

Share news
error: Content is protected !!
Scroll to Top