അരീമാ നസ്രീന്‍…. നിന്റെത് മഹത്തായ രക്തസാക്ഷിത്വം….

അരീമാ നസ്രീന്‍…. നിന്റെത് മഹത്തായ രക്തസാക്ഷിത്വം….
കൊറോണകാലത്തെ അതിജീവിക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച് കടന്നു പോയ ബ്രീട്ടീഷ് ആരോഗ്യപ്രവര്‍ത്തക അരീമ നസ്രീനെ കുറിച്ച് വി.കെ ജോബിഷ് എഴുതുന്നു

ഭൂമിയില്‍ നിന്ന് മറ്റൊരു മാലാഖ കൂടി ഇല്ലാതായി. അരീമ നസ്രീന്‍. എല്ലാദിവസവും സന്തോഷം കൊണ്ട് രാവിലെ കരഞ്ഞിരുന്നവള്‍. അതിന്റെ കാരണം അവള്‍ തന്നെ കുറിച്ചിട്ടിട്ടുണ്ട്. ‘Because I am so happy that I have finally realised my dream of becoming a nurse’. സൗകര്യങ്ങളിലേക്ക് പിറന്നു വീണ പെണ്‍കുട്ടിയുടെ ജീവിതമായിരുന്നില്ല ഈ ബ്രിട്ടീഷ്- പാക്കിസ്ഥാന്‍ യുവതിയുടേത്. അതുകൊണ്ടുതന്നെ ജീവിതം മുഴുവന്‍ അതിജീവനത്തിന്റെ പടവുകളാക്കിയ ധീരയായിരുന്നു അവര്‍. 2003 ല്‍ തുടങ്ങി പതിനഞ്ച് വര്‍ഷം ബ്രിട്ടനിലെ വാല്‍സാല്‍മാനര്‍ ഹോസ്പിറ്റലില്‍ ക്ലീനിംഗ് ജോലി ചെയ്ത് ഒടുവില്‍ 2019 ല്‍ അതേ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നഴ്‌സായെത്തി ചുറ്റിലുമുള്ളവരിലേക്ക് പ്രകാശം പരത്തിയവള്‍. ചെറിയ സന്തോഷമായിരുന്നില്ല അത്. നഴ്‌സിംഗ് കോഴ്‌സിന്റെ ബിരുദദാനച്ചടങ്ങു കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് വന്ന ദിവസം നസ്രീന്‍ ഇങ്ങനെയെഴുതിയിരുന്നു. ‘ഈ അത്ഭുതകരമായ ദിവസം എനിക്ക് സ്വപ്നം കാണാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നില്‍ വിശ്വസിച്ചതിന് വാല്‍സാല്‍മാനര്‍ ഹോസ്പിറ്റലിന് നന്ദി. എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടു തുടങ്ങി’.
ഒരു നഴ്‌സിന്റെ വേഷം ലഭിച്ച താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയെന്ന് അരീമ എപ്പോഴും പറയുമായിരുന്നത്രെ. കാരണം മറ്റുള്ളവര്‍ക്ക് എപ്പോഴും സാന്ത്വനം നല്‍കി അവരില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്നത് നഴ്‌സുമാര്‍ക്കാണ്. ശേഷം അരീമ മോട്ടിവേഷന്‍ സ്പീക്കറുമായി. അവരെ കേള്‍ക്കാന്‍ ചുറ്റിലും ആളുകള്‍ നിറഞ്ഞു. നിരാശകളില്‍ പ്രതീക്ഷകള്‍ നിറഞ്ഞു.പിന്നീട് അവരുടെ പിന്തുണയിലും പ്രേരണയിലും എത്രയോ പെണ്‍കുട്ടികള്‍ നഴ്‌സായി മാറി.
പക്ഷെ ആ സ്വപ്നസാക്ഷാത്കാരത്തിന് അധികം ആയുസ്സുണ്ടാക്കാനാവാതെ ഇന്നലെ രാവിലെ അവര്‍ തനിക്കൊപ്പമുള്ളവരെ ദുഖത്തിലാഴ്ത്തി മരണത്തിലേക്കു പോയി.

കോവിഡ് വൈറസ് കാരണം ബ്രിട്ടനില്‍ നിന്നും മരിക്കുന്ന ആദ്യത്തെ നഴ്‌സ് അരീമയാണ്. എല്ലായ്‌പ്പോഴും എല്ലാവരെയും പുഞ്ചിരിയോടെ മാത്രം അഭിവാദ്യം ചെയ്തവള്‍. പ്രായമായവരെയും ദുര്‍ബലരായ രോഗികളെയും പരിപാലിക്കാനാണ് എനിക്കിഷ്ടം എന്ന് സഹപ്രവര്‍ത്തകരോട് എപ്പോഴും പറഞ്ഞിരുന്നവര്‍.തനിക്കു ചുറ്റുമുള്ള പ്രായമായ മനുഷ്യരെല്ലാം പൊടുന്നനെ ഇല്ലാതാകുമ്പോള്‍ ചിലരെയൊക്കെ ജീവനിലേക്കുണര്‍ത്തുമ്പോള്‍ അനുഭവിച്ച ആത്മനിര്‍വൃതി കൂടിയായിരുന്നു കോവിഡുകാലത്തും അവര്‍ക്കീ തൊഴില്‍. അങ്ങനെ തുടരുമ്പോഴാണ് രണ്ടാഴ്ച മുമ്പ് രോഗികളെ പരിചരിക്കുന്നതിനിടയില്‍ അരീമ നസ്രീനയെ കൊറോണ വൈറസ് ബാധിച്ചത്.എന്നിട്ടും ദു:ഖിച്ചില്ല. അവള്‍ തിരിച്ചു വരുമെന്ന സന്തോഷത്തില്‍ത്തന്നെയായിരുന്നു. അവരുടെ മരണമറിഞ്ഞപ്പോള്‍
‘ഈ ഭയാനകമായ വൈറസിലേക്ക് ആരെയും നഷ്ടപ്പെടുന്നത് ദുരന്തമാണ്. അരീമയെപ്പോലുള്ള നഴ്‌സിനെ നഷ്ടപ്പെടുന്നത് അതിലും വലിയ ദുരന്തമാണ്’ എന്ന് വാല്‍സാല്‍ ഹെല്‍ത്ത് കെയര്‍. സ്വന്തം ജീവനും ആരോഗ്യവും പണയം വെച്ച് രോഗികളെ പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാരാണ് നഴ്‌സുകള്‍ എന്ന് പറഞ്ഞത് ആരാണ്. ആരായാലും ആ മാലാഖമാരില്‍ സേവനത്തിന്റെ ഉയര്‍ന്ന മാതൃകയായി ഭാവി ചരിത്രത്തില്‍ അരീമ നസ്രീനുമുണ്ടാകും. ലോകാരോഗ്യ സംഘടന 2020നെ International year of Nurse and Mid wife ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിനു ‘വിളക്കേന്തിയ വനിത’ ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗെയിലിന്റെ ഇരുനൂറാം ജന്‍മവാര്‍ഷികം കൂടിയാണ് ഈ വര്‍ഷം.അവരുടെ ഓര്‍മ്മയോടൊപ്പം അരീമയെപ്പോലുള്ള മനുഷ്യ സ്‌നേഹികളായ നഴ്‌സുമാരെയും നമുക്ക് ഹൃദയത്തില്‍ ചേര്‍ത്തുവെക്കാം.

പുലര്‍ച്ചെ ദ ഗാര്‍ഡിയനില്‍ അരീമ നസ്രീനെക്കുറിച്ച് വായിച്ച് ആര്‍ദ്രതയോടെ ഇരുന്നതിനു ശേഷം മലയാള പത്രത്തില്‍ മറ്റൊരു വാര്‍ത്തയുടെ തലക്കെട്ട് വായിച്ച് അത്ഭുതപ്പെട്ടിരിക്കുകയാണ് ഞാന്‍. അതിങ്ങനെ കോവിഡ് ബാധിച്ച കോട്ടയത്തെ ആരോഗ്യ പ്രവര്‍ത്തക ആശുപത്രി വിട്ടു. ‘ഇനിയും ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാര്‍’.
അതെ; രേഷ്മ മോഹന്‍ ദാസ്. കോവിഡ് ബാധിതരായ റാന്നിയിലെ വൃദ്ധ ദമ്പതികളെ പരിചരിച്ച് രോഗം പിടിപെട്ട സ്റ്റാഫ് നഴ്‌സ്. ആരോഗ്യം വീണ്ടെടുത്തതിനു ശേഷം ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞത് കേട്ടില്ലേ നിങ്ങള്‍. കോവിഡ് രോഗികളെ പരിചരിക്കാന്‍ ഉടന്‍ വീണ്ടുമെത്തുമെന്ന്.

എന്തൊരു ലോകമാണിത്. എന്തൊരു മനുഷ്യരാണിത്.
ഓരോ പുലര്‍ച്ചെയും കണ്ണീരുമാത്രം ഇറ്റിറ്റു വീഴുന്ന ലോകത്തിലേക്കുണരുന്ന നമ്മള്‍ കേള്‍ക്കുന്ന രേഷ്മയെപ്പോലുള്ളവരുടെ ആശ്വാസ വാക്കുകള്‍.
അതാണ് ഈ നാടിന് ജീവിക്കാനുള്ള പ്രേരണ.അതിജീവിക്കാനുള്ള ആത്മവിശ്വാസം. കേരളം ലോകത്തിന് ഇനിയും വെളിച്ചമാവട്ടെ.

അരീമ നസ്രീന്റെ മഹത്തായ രക്തസാക്ഷിത്വത്തിനു മുന്നില്‍ ആദരവോടെ,

Related Articles