
ചെന്നൈ: മലയാള സിനിമാ മേഖലയില്‍ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതുപോലെ തമിഴിലും വേണമെന്ന് നടനും തമിഴ് സിനിമാതാരങ്ങളുടെ കൂട്ടായ്മയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍. ഇതിന്റെ നടപടികള്‍ സംഘടന ഉടന്‍തന്നെ ആലോചിക്കുമെന്നും നടന്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും തുടര്‍ന്നുള്ള വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മലയാളത്തിലെ അമ്മയ്ക്ക് തുല്യമായ തമിഴ്നാട്ടിലെ താരസംഘടനയാണ് നടികര്‍ സംഘം.
‘ചില നടിമാര്‍ക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാന്‍ അവര്‍ക്ക് ബൗണ്‍സര്‍മാരെ വയ്‌ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാര്‍ക്ക് മാത്രമേ തമിഴ് സിനിമയില്‍ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാല്‍ 80 ശതമാനം നടിമാരും ചതിക്കുഴിയില്‍ പെടുന്നുണ്ട്. ഇത് പരിശോധിക്കണം.’ – വിശാല്‍ വെളിപ്പെടുത്തി. പരാതിയുള്ള സ്ത്രീകള്‍ നടികര്‍ സംഘത്തെ സമീപിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. അഡ്ജസ്റ്റ്മെന്റ് വേണമെന്ന് പറയുന്ന നിമിഷം തന്നെ ചെരുപ്പൂരി അടിക്കണം. സ്ത്രീകള്‍ ഇത്തരത്തില്‍ മറുപടി നല്‍കിയാലേ ഇക്കൂട്ടരെ നിയന്ത്രിക്കാന്‍ പറ്റുകയുള്ളൂ. തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കണം. തമിഴ് സിനിമയിലെ സ്ത്രീകള്‍ അവര്‍ നേരിട്ട അനുഭവത്തെക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യമായി മുന്നോട്ട് വരണം. കേസെടുക്കാന്‍ ഞാന്‍ പൊലീസല്ല’- വിശാല്‍ വ്യക്തമാക്കി.
തമിഴ് സിനിമയിലെ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ പരിശോധിക്കാന്‍ സംഘടന അടുത്ത പത്തു ദിവസത്തിനുള്ളില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും വിശാല്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




