എ പി ജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം

ദില്ലി: ഇന്ത്യയുടെ മിസൈല്‍ മാന്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം. 1998 ലെ ആണവായുധ പരീക്ഷണം നടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചപ്പോള്‍ തന്നെ രാജ്യത്തിന്റെ ബഹിരാകാശ, ശാസ്ത്ര പദ്ധതികളിലെ സംഭാവനകള്‍ക്ക് ഡോ.കലാം പ്രശംസിക്കപ്പെട്ടു. അഗ്‌നി, പൃഥ്വി മിസൈലുകളുടെ വികസനത്തിന്റെ ബഹുമതിയും രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള തന്റെ അശ്രാന്ത പരിശ്രമത്തിലൂടെ തലമുറകളെ അദേഹം പ്രചോദിപ്പിക്കുകയും ചെയ്തു. 1932-ല്‍ തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഡോ. കലാം 1958-ല്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) ചേര്‍ന്നു. തുടര്‍ന്ന് 1969-ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍ (ഐഎസ്ആര്‍ഒ) ചേര്‍ന്നു. അവിടെ അദ്ദേഹം പ്രോജക്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചു.

1982-ല്‍ ഡിആര്‍ഡിഒയില്‍ തിരിച്ചെത്തി ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്മെന്റ് പ്രോഗ്രാം (ഐജിഎംഡിപി) ആവിഷ്‌കരിച്ചതിന് ശേഷമാണ് ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്ന ബഹുമതി അദ്ദേഹം നേടിയത്. മിസൈല്‍ സാങ്കേതികവിദ്യയിലും ഗവേഷണത്തിലും ഇന്ത്യയെ മറ്റ് രാജ്യങ്ങളുമായി സമനിലയില്‍ കൊണ്ടുവരാന്‍ അദ്ദേഹം പരിശ്രമിച്ചു.

ശ്രദ്ധേയനായ ഒരു ശാസ്ത്രജ്ഞന്‍ എന്നതിലുപരി, ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായും ഡോ.കലാം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയുടെ മിസൈല്‍ വികസനത്തിന് പിന്നിലെ പ്രേരകശക്തി എന്ന നിലയില്‍ നിന്ന്, തന്റെ വിനയത്തിനും ഉയര്‍ന്ന ചിന്തയ്ക്കും ഡോ. കലാമിനെ 1990-ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു, 1997-ല്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന ലഭിച്ചു. വിങ്സ് ഓഫ് ഫയര്‍ ആന്‍ഡ് ഇഗ്നൈറ്റഡ് മൈന്‍ഡ്സ് എന്ന തന്റെ പ്രശസ്ത ആത്മകഥ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.

2015ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐഐഎം) ഷില്ലോങ്ങില്‍ പ്രഭാഷണം നടത്തുന്നതിനിടെഹൃദയാഘാതത്തെ തുടര്‍ന്ന് അദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

Share news
error: Content is protected !!
Scroll to Top