Section

malabari-logo-mobile

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

HIGHLIGHTS : കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ...

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

കോവിഡ് ബാധയെത്തുടര്‍ന്ന് കൊല്ലം കരുനാഗപ്പള്ളിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് വൈകീട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. ഇതേതുടര്‍ന്ന് രാത്രി 8.15 ഓടെയാണ് മരണം സംഭവിച്ചത്.

sameeksha-malabarinews

അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനില്‍ പനച്ചൂരാന്‍ സിനിമാ മേഖലയിലെത്തിയത്. അറബിക്കഥ (2007), കഥ പറയുമ്പോള്‍ (2007), മാടമ്പി (2008), സൈക്കിള്‍ (2008), നസ്രാണി (2008), ഭ്രമരം (2009), പെണ്‍പട്ടണം (2010), ബോഡീഗാര്‍ഡ് (2010) തുടങ്ങി മുപ്പതിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. അവസാനമായി അദ്ദേഹം ഗാനങ്ങളെഴുതിയത് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ്. അറബിക്കഥയിലെ ‘ചോര വീണ മണ്ണില്‍’ ,കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ, വെളിപാടിന്റെ പുസ്തകത്തിലെ ‘ജിമിക്കി കമ്മല്‍ എന്നീ പാട്ടുകള്‍ ശ്രദ്ധേയമായി.

ധാരാളം കാസറ്റുകള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ‘അനാഥന്‍’ എന്ന കവിത ജയരാജിന്റെ ‘മകള്‍ക്ക് ‘ എന്ന സിനിമയ്ക്ക് ഒരു പ്രചോദനം ആയി എന്നു പറയാം. ശ്രീ അനില്‍.
ബിജിബാലുമായി ചേര്‍ന്ന് 34 പാട്ടുകള്‍ക്ക് ഈണം കൊടുത്തു. മോഹന്‍ സിതാരയുമായി ചേര്‍ന്ന് 17 പാട്ടുകള്‍. എം. ജയചന്ദ്രനുമായി ചേര്‍ന്ന് 17 പാട്ടുകള്‍.

വയലില്‍ വീണ കിളികള്‍, ഒരു മഴ പെയ്‌തെങ്കില്‍, നിദ്രാടനത്തിലെ സ്വപ്നഭംഗം,അനാഥന്‍, പ്രണയകാലം,കണ്ണീര്‍ കനവുകള്‍, രക്തസാക്ഷികള്‍, പ്രവാസിയുടെ പാട്ട്,കാവലടിക്കാലന്‍ എന്നിവയാണ് പ്രധാന കവിതകള്‍. പ്രണയവും വിപ്ലവവും ഒരേ പോലെ നിറഞ്ഞു നിന്ന പനച്ചൂരാന്റെ കവിതകള്‍ മലയാളികള്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഹൃദയത്തിലേറ്റിയവയാണ്.

അനില്‍കുമാര്‍ പി.യു. എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. എല്‍ എല്‍ ബി ബിരുദധാരിയാണ് . കായംകുളത്തിനടുത്ത് വാരണപ്പള്ളി പനച്ചൂരാന്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍ ഉദയഭാനു. അമ്മ ദ്രൗപതി. കായംകുളം സെന്റ് മേരീസ് സ്‌കൂള്‍, കായംകുളം ഗവണ്മെന്റ് സ്‌കൂള്‍, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളെജ്, വാറങ്കല്‍ കാക്കാത്തിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ ആയിരുന്നു പഠനം. ചെറുപ്പത്തിലേ കവിതകള്‍ എഴുതിയിരുന്നു. ”ആത്മസംഘര്‍ഷത്തിന്റെ ഉപോല്പന്നമാണ് കവിത”. പഠനസമയത്ത് താന്‍ എഴുതുന്ന കവിതകള്‍ വശ്യമായ രീതിയില്‍ ചൊല്ലുമായിരുന്നതു കൊണ്ട് ചൊല്‍ക്കാഴ്ചയുടെ കവി എന്ന വിശേഷണം കൂടെ ഉണ്ടായിരുന്നു ഈ കലാകാരന്. കായംകുളം കോടതിയില്‍ അഭിഭാഷകനാണ്. കായംകുളത്ത് സ്ഥിരതാമസം. ഭാര്യ:മായ, മകള്‍:ഉണ്ണിമായ.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!