Section

malabari-logo-mobile

സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് കുട്ടി മരിക്കാനിടയായ സംഭവം; പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

HIGHLIGHTS : An incident where the child may die after promising a natural delivery; Consumer Commission to pay compensation to the complainant

സിസേറിയന്‍ മുഖേന മൂന്നു പ്രസവം കഴിഞ്ഞ സ്ത്രീക്ക് പ്രകൃതി ചികിത്സ- യോഗ സമ്പ്രദായമനുസരിച്ച് സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പരാതിക്കാരിക്ക് ചികിത്സാ ചെലവ് ഉള്‍പ്പടെ 6,24,937 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ചയാണെന്ന് കമ്മീഷന്‍ കണ്ടെത്തി.

മൂന്നു പ്രസവവും സിസേറിയന്‍ മുഖേനയായിരുന്നാലും സ്വാഭാവിക പ്രസവം നടക്കുമെന്ന് അറിഞ്ഞാണ് പരാതിക്കാരി സ്പ്രൗട്ട്‌സ് ഇന്റര്‍നാഷണല്‍ മെറ്റേര്‍ണി സ്റ്റുഡിയോ എന്ന സ്ഥാപനത്തില്‍ പ്രസവത്തിനായി എത്തിയത്. പരാതിക്കാരിയെ പരിശോധിച്ച ശേഷം സ്വാഭാവിക പ്രസവത്തിന് തടസ്സമില്ലെന്ന് പറഞ്ഞതിനാല്‍ അഞ്ചു മാസക്കാലം സ്ഥാപനത്തിലെ ചികിത്സാ രീതികള്‍ പിന്തുടര്‍ന്നു. പ്രസവവേദനയെ തുടര്‍ന്ന് സ്ഥാപനത്തിലെത്തി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രസവം നടക്കാത്തതിനാല്‍ അവശ നിലയിലായ ഇവരെ പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് കുട്ടിയെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടു. ദീര്‍ഘ കാലത്തെ ചികിത്സയ്ക്കു ശേഷവും അവശ നിലയില്‍ തുടര്‍ന്നതിനാല്‍ പരാതിക്കാരി ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.

sameeksha-malabarinews

പരാതിക്കാരിയെയും ഡോക്ടര്‍മാരെയും കമ്മീഷന്‍ വിചാരണ ചെയ്തു. സിസേറിയന്‍ കഴിഞ്ഞ ശേഷം സ്വാഭാവിക രീതിയിലുള്ള പ്രസവം അപകടമാണെന്ന് അറിഞ്ഞു കൊണ്ടും മതിയായ സുരക്ഷാ സംവിധാനമില്ലാതെയും ഒരു പ്രസവ വിദഗ്ധയുടെ മേല്‍നോട്ടമില്ലാതെയുമാണ് പരാതിക്കാരിയുടെ പ്രസവ ശുശ്രൂഷയ്ക്ക് ശ്രമിച്ചതെന്നും ഇത്തരം പരീക്ഷണം നടത്താന്‍ പരാതിക്കാരിയുടെ രേഖാമൂലമുള്ള സമ്മതമുണ്ടായിരുന്നില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. സമാനമായ സംഭവങ്ങള്‍ ജില്ലയില്‍ ആവര്‍ത്തിക്കുന്നതായും കമ്മീഷന് ബോദ്ധ്യമായി. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് പരാതി പരിഗണിച്ചത്. വിധിപ്രകാരമുള്ള തുക ഒരു മാസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം പരാതി തിയ്യതി മുതല്‍ ഒമ്പത് ശതമാനം പലിശ സഹിതം നല്‍കേണ്ടതാണെന്നും വിധിയില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!