മലയാള ഭാഷയ്ക്കും സാഹിത്യത്തിനുമായി പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരും : മന്ത്രി ഡോ. ആര്‍. ബിന്ദു

HIGHLIGHTS : All agencies working for Malayalam language and literature will be brought under one umbrella: Minister Dr. R. Bindu

മലയാള ഭാഷ, സാഹിത്യം എന്നിവയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. മലയാളം സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സ്ഥാപിച്ച മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്നായ കേരള ഭാഷാ നെറ്റ് വര്‍ക്കിന്റെ ഓഫീസ് ഉദ്ഘാടനം, നാലുവര്‍ഷ ബിരുദ കോഴ്‌സിന്റെ കെട്ടിട ശിലാസ്ഥാപനം എന്നിവ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

sameeksha

‘ഭാഷ അതിജീവനത്തിന്റെ ആയുധമാണ്. മലയാളിയെ ആഗോള പൗരന്‍മാരാക്കിയത് വിവര്‍ത്തനങ്ങളാണ്. കേരള തീരദേശത്തുകൂടി എത്തിച്ചേര്‍ന്ന എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ടവരാണ് മലയാളികള്‍. ആ വിശാല മാനവികതയെ ഉയര്‍ത്തിപ്പിടിക്കുക എന്ന ഉത്തരവാദിത്വം മലയാളം സര്‍വകലാശാലയ്ക്കുണ്ട്. ഭാഷാ നെറ്റ് വര്‍ക് സ്ഥാപിക്കുന്നതിലൂടെ വിവര്‍ത്തന മേഖല, ഭാഷ കംപ്യൂട്ടിങ്, വിദേശ ഭാഷകളുടെ പഠനം എന്നിവ സാധ്യമാകും. സമഗ്രമായ കരിക്കുലം വിഭാവനം ചെയ്ത് തൊഴില്‍ നൈപുണ്യവും ഗവേഷണവും പ്രോത്സാഹിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം മുന്നേറുന്നു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് നൈപുണ്യ പരിശീലനത്തിന് ഊന്നല്‍ നല്‍കുന്നത്. കേരളം വൈജ്ഞാനിക സമ്പദ്ഘടന രൂപീകരണത്തിന്റെ പാതയിലാണ്’- മന്ത്രി പറഞ്ഞു.

ഭാഷാവൈവിധ്യം, ഗവേഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ‘കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക്’ എന്ന പേരില്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിച്ചത്. സാധാരണക്കാരായ വിദ്യാര്‍തഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ വിദേശ ഭാഷകള്‍ പഠിക്കാനും അതു വഴി തൊഴില്‍ ലഭിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തില്‍ എത്തിക്കുന്നതിനായി സ്ഥാപിക്കുന്ന ഏഴു മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്നാണിത്. കേരളത്തിലെ പ്രാദേശിക ഭാഷകളുടെയും മറ്റ് ഇന്ത്യന്‍ ആഗോള ഭാഷകളുടെയും പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാനും കേരളത്തെ ഭാഷാ മികവിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കേന്ദ്രവും സംയുക്തമായാണ് കോഴ്സുകള്‍ നടത്തുക. ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ജര്‍മന്‍ ഭാഷയില്‍ എ.വണ്‍ (എ1) പ്രോഗ്രാമും കമ്യൂണിക്കേറ്റീവ് അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമാണ് ഒന്നാം ഘട്ടത്തില്‍ തുടങ്ങുന്നത്.

സുകുമാര്‍ അഴീക്കോടിന്റെ ഗ്രന്ഥ ശേഖരം കൂടി മലയാള സര്‍വകശാലയ്ക്ക് കൈമാറി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.
അധ്യാപന പരിശീലനത്തിനുള്ള കേന്ദ്രം, ശാസ്ത്രസാങ്കേതികവിദ്യ പരിശീലന കേന്ദ്രം, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ഗവേഷണം, ഗോത്രഭാഷ, ജെന്‍ഡര്‍ സ്റ്റഡീസ് ഇവയ്ക്ക് ഊന്നല്‍ നല്‍കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ വിവിധ ഇടങ്ങളില്‍ ഉടന്‍ സ്ഥാപിക്കും.

ചടങ്ങില്‍ കുറുക്കളി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എല്‍ സുഷമ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യു.സൈനുദ്ദീന്‍, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. കെ എം ഭരതന്‍, വിദ്യാര്‍ഥി ക്ഷേമ ഡയറക്ടര്‍ ഡോ. അശോക് ഡിക്രൂസ്, ബിരുദ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. സുധീര്‍ എസ് സലാം, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കെ ഗായത്രി, കേരള ഭാഷാ നെറ്റ്വര്‍ക്ക് കോഡിനേറ്റര്‍ ഡോ ജി സജിന തുടങ്ങിയവര്‍ സംബന്ധിച്ചു.
മലയാളം സര്‍വ്വകലാശാലയുടെ ജര്‍മ്മന്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ 25 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു വിതരണം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!