എഐ ദുരുപയോഗം, 72 മണിക്കൂറിനുള്ളില്‍ നടപടി വേണം; എക്സിന് നോട്ടീസയച്ച് കേന്ദ്രം

ദില്ലി: വിവാദ എഐ ഇമേജ് എഡിറ്റുകളിൽ​ സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങൾ എക്സിലെ എഐ ചാറ്റ്ബോട്ടായ ​ഗ്രോക്കുപയോ​ഗിച്ച് മോശം രീതിയിൽ എഡിറ്റ് ചെയ്യുന്നത് വ്യാപകമായിരുന്നു. കുട്ടികളുടെയടക്കം ചിത്രങ്ങൾ എഐ എഡിറ്റ് ചെയ്തിട്ടും അത് നിയന്ത്രിക്കാനോ നീക്കം ചെയ്യാൻ എക്സ് ഒരു ശ്രമം നടത്തിയിരുന്നില്ല. എഐ ദുരുപയോ​ഗത്തിനെതിരെ വ്യാപക വിമ‌ർശനം ഉയരുന്നതിനിടെയാണ് കേന്ദ്ര നീക്കം. എഴുപത്തിരണ്ട് മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകണമെന്നാണ് നി‌ർദ്ദേശം.

2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടും 2021-ലെ ഐടി നിയമങ്ങളും പ്രകാരമുള്ള നിയമപരമായ ജാഗ്രത പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സിന് നോട്ടീസ് നൽകിയത്. ഗ്രോക്ക് എഐ അസിസ്റ്റന്റ് അടക്കമുള്ള എക്സിലെ എഐ ടൂളുകള്‍ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്മ്മിക്കപ്പെടുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങളടക്കം വ്യാപകമാണെന്നും നോട്ടീസില്‍ പറയുന്നു. ഉള്ളടക്കം സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനും എക്‌സിന്റെ എഐ സേവനമായ ​ഗ്രോക് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. തെളിവുകൾ നശിപ്പിക്കാതെ കുറ്റകരമായ ഉള്ളടക്കങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top