സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി

HIGHLIGHTS : Additional government guarantee of Rs 175 crore for the State Women's Development Corporation

careertech

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാനിച്ചത് ധാരാളം വനിതകള്‍ക്ക് സഹായകരമാകുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വായ്പ സ്വീകരിക്കാനാണ് ഈ ഗ്യാരന്റി അധികമായി അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അധിക ഗ്യാരന്റി കൂടി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 375 കോടി രൂപയുടെ വായ്പാ വിതരണം ചെയ്യുന്നതിനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ ഈ സാമ്പത്തിക വര്‍ഷം 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാകും. മാത്രമല്ല ന്യൂനപക്ഷ വിഭാഗത്തിന് 175 കോടി രൂപ വായ്പാവിതരണം നടത്തുന്നതിലൂടെ 34,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനുമാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാളും 6000 ഓളം സ്ത്രീകള്‍ക്ക് അധികമായി മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാന്‍ ഇത് മുഖേന സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 980.56 കോടി രൂപയുടെ അധിക ഗ്യാരന്റിയാണ് കോര്‍പ്പറേഷന് അനുവദിച്ചു നല്‍കിയത്. ഇപ്പോള്‍ 175 കോടിയുടെ സര്‍ക്കാര്‍ ഗാരന്റി കൂടി നല്‍കിയതോടെ ആകെ 1295.56 കോടി രൂപയുടെ ഗ്യാരന്റിയാണ് കോര്‍പറേഷനുള്ളത്. ഇത് കോര്‍പ്പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കും.

sameeksha-malabarinews

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 36,105 വനിതകള്‍ക്ക് 340 കോടി രൂപ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് വിതരണം ചെയ്തു. സര്‍ക്കാരില്‍ നിന്നും ലഭ്യമായ അധിക ഗ്യാരന്റി പ്രയോജനപ്പെടുത്തി ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് നാളിതുവരെ 1,12,000 ഓളം വരുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് സാധിച്ചു. കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 22,580 വനിതകള്‍ക്ക് 170 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍റേഷന്‍ വിവിധ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്വയം തൊഴില്‍ വായ്പാ ചാനലൈസിംഗ് ഏജന്‍സിയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകള്‍ കാലങ്ങളായി സ്ഥാപനം നല്‍കി വരുന്നു.

സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം 10 ലക്ഷത്തോളം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണിത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!