HIGHLIGHTS : Actress attack case; Final arguments should be held in open court; Survivor files petition
കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയട്ടെ എന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്നാണ് നടി കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ഇരയല്ല, അതിജീവിതയാണെന്ന നിലപാടാണ് ഇത്തരം ഒരു ആവശ്യം നടി കോടതിയില്‍ ഉന്നയിക്കാന്‍ കാരണം. തനിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു എന്നതാണ് ഹര്‍ജി നല്‍കാന്‍ പ്രേരിപ്പിച്ച പ്രധാന കാരണമായി പറഞ്ഞിരിക്കുന്നത്.
സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെയുള്ള കേസിന്റെ വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ മുതല്‍ കേസില്‍ അന്തിമവാദം ആരംഭിച്ചിരുന്നു. ഒരു മാസം കൊണ്ട് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കും. അതിനു ശേഷം കേസ് വിധി പറയാനായി മാറ്റും. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ആറു വര്‍ഷവും 9 മാസവും നീണ്ട ദീര്‍ഘ വിചാരണയാണ് നടന്നത്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപ് ആണ് എട്ടാം പ്രതിയാണ്.
നരത്തെ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തില്‍ ഹൈക്കോടതിയ്ക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ആ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കുന്നതെന്നും അതിജീവിത കത്തില്‍ പറയുന്നുണ്ട്.
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരെ അതിജിവിത കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുമുണ്ട്. ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ പരാമശത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. തന്റെ യൂട്യൂബ് ചാനലിലും ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖയുടെ വാദം.
നടി ആക്രമിക്കപ്പെട്ട് കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് പ്രതികള്‍. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം അടുത്തിടെ സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയില്‍ 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്.