കൊച്ചി ; നടിയെ അക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ച് നല്‍കിയ ആളെ കുറിച്ച് പരാമര്‍ശിക്കുന്ന മൊഴിയിലെ ‘വിഐപി’ കോട്ടയം സ്വദേശിയെന്ന് സൂചന. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്.
2017 നവംബറില്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് ഒരു വിഐപി നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയെന്നും അവ അവിടെ വെച്ച് ദിലീപ് കണ്ടെവെന്നുമായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. കൂടാതെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണസംഘത്തിനോടുള്ള വൈരാഗ്യം തീര്‍ക്കണമെന്ന് പറയുന്ന ഓഡിയോ ക്ലിപ്പിലും വിഐപിയുടെ ശബ്ദമുണ്ടായിരുന്നു. ഇയാള്‍ ആരാണെന്ന് ബാലചന്ദ്രകുമാറിന് തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്ന് പോലീസ് സംശയിച്ചത് നാലുപേരേയായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ പോലീസ് ബാലചന്ദ്രകുമാറിനെ കാണിച്ചെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപുമായി ബന്ധമുള്ള പ്രവാസിവ്യവസായിയിലേക്ക് സംശയം നീളുന്നത്. പോലീസ് ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോയിലെ ശബ്ദസാമ്പിളുകള്‍ പരിശോധിച്ച് പോലീസ് അടുത്ത നടപടിക്രമങ്ങൡലേക്ക് കടക്കുമെന്നാണ് സൂചന.




