
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69)അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മകനാണ്. ഇളയ മകൻ ധ്യാൻ സഹോദരൻ സംവിധാനം ചെയ്ത ത്രില്ലർ സിനിമയായ തിരയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു.1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത് . അഭിനയത്തിൽ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങൾ ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ് , നാടോടിക്കാറ്റ് , വടക്കുനോക്കിയന്ത്രം , ചിന്താവിഷ്ടയായ ശ്യാമള
കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം , കഥ പറയുമ്പോൾ, അറബിക്കഥ
ആത്മകഥ എന്നീ ചിത്രങ്ങളിലാണ് .
ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനു വേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. അതുപോലെതന്നെ പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി.അദ്ദേഹം സംവിധാനം ചെയ്ത രണ്ടു സിനിമകളാണ് വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




