Section

malabari-logo-mobile

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാന്‍ കര്‍മ്മ പദ്ധതി

HIGHLIGHTS : തിരുവനന്തപുരം: 2023 ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി...

തിരുവനന്തപുരം: 2023 ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (Kerala Antimicrobial Resistance Strategic Action Plan – KARSAP) ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. ഇതിനെ നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമാക്കി മാറ്റുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. കോവിഡ് കാരണം എ.എം.ആര്‍. പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത് ഊര്‍ജിതമാക്കാന്‍ തീരുമാനമെടുത്തു. അടുത്ത 3 വര്‍ഷത്തിനകം ലക്ഷ്യം കൈവരിക്കാനായി ഹ്രസ്വമായതും ദീര്‍ഘമായതുമായ സമയം കൊണ്ട് പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ കണ്ടെത്തി ആക്ഷന്‍ പ്ലാന്‍ വിപുലപ്പെടുത്തുന്നതാണ്. ജില്ലാതലങ്ങളില്‍ എ.എം.ആര്‍. കമ്മിറ്റികള്‍ രൂപീകരിക്കും. എറണാകുളം ജില്ലയില്‍ വിജയകരമായി പരീക്ഷിച്ച ഹബ് ആന്റ് സ്പോക്ക് മാതൃക മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചു.

sameeksha-malabarinews

എല്ലാ മൂന്ന് മാസവും എ.എം.ആര്‍. അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കും. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കുന്നതാണ്. എ.എം.ആര്‍. നിരീക്ഷണ ശൃംഖല (KAR-Net) വിപുലീകരിക്കാന്‍ തീരുമാനിച്ചു. പരിസ്ഥിതി, ജലം, പാല്‍, മത്സ്യ മാംസാദികള്‍, ആഹാര പദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ കാണുന്ന ആന്റിബയോട്ടികളുടെ അംശങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ വിവിധ വിഭാഗങ്ങള്‍ അവതരിപ്പിച്ചു. അത് നിയന്ത്രിക്കാന്‍ വേണ്ടിയുള്ള നടപടികളും ചര്‍ച്ച ചെയ്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസര്‍ എം.സി. ദത്തന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഐ.എസ്.എം. ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, ഡ്രഗ്സ് കണ്‍ട്രോളര്‍, മെഡിക്കല്‍ കോളേജ് മൈക്രോളജി വിഭാഗം മേധാവി, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ്, വെറ്റിനറി യൂണിവേഴ്സിറ്റി, ഫിഷറീസ് യൂണിവേഴ്സിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആര്‍.ജി.സി.ബി., അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ്, ഐ.എം.എ., ഐ.എ.പി, സ്വകാര്യ മേഖല, തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!