മിഠായി തെരുവിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി; കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നവീകരിക്കാന്‍ നഗരസഭ നോട്ടിസ്

കോഴിക്കോട്: മിഠായി തെരുവിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയുമായി നഗരസഭ. മൊയ്ദീന്‍ പള്ളി റോഡിലെ കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നവീകരിക്കാന്‍ നഗരസഭ നോട്ടിസ് നല്‍കി. മിഠായി തെരുവിലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മിഠായി തെരുവിലെ കെട്ടിടങ്ങളുടെ കാലപ്പഴക്കം നിശ്ചയിക്കാനും നടപടിയെടുത്തു.

സ്ഥലത്തെ കെട്ടിടങ്ങളില്‍ ഇലക്ട്രിക് സംവിധാനങ്ങള്‍ പരിശോധിക്കാന്‍ നിദേശം നല്‍കുമെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കച്ചവടക്കാരുടെ യോഗം വിളിക്കും. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

കോഴിക്കോട് നഗരത്തില്‍ തീപിടുത്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പരിഹാര നടപടികള്‍ എങ്ങുമെത്തുന്നില്ലെന്ന ആരോപണം ഉയര്‍ന്ന് വന്നിരുന്നു. അഗ്‌നിശമന സേന ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കാറുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാറില്ല. മിഠായി തെരുവുള്‍പ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും തീപ്പിടുത്തതിന് സാധ്യത നിലനില്‍ക്കുന്നതായാണ് അഗ്‌നിശമന സേനയുടെ റിപ്പോര്‍ട്ട്.

മിഠായി തെരുവില്‍ പല കടകളിലും തീപിടിക്കാന്‍ സാധ്യതയുളള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതായി അഗ്‌നിശമന സേന തയാറാക്കിയ ഫയര്‍ ഓഡിറ്റില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ മിഠായി തെരുവിലുണ്ടായ വന്‍ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ തെരുവ് നവീകരിച്ചെങ്കിലും പ്രതിസന്ധി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top