കൊച്ചി: സ്ത്രീശരീരത്തില്‍ അനുമതി കൂടാതെയുള്ള കയ്യേറ്റം ലൈംഗീക പീഡനപരിധിയില്‍പ്പെടുമെന്ന് ഹൈക്കോടതി. വിചാരണ കോടതി വിധിക്കെതിരെ പീഡനക്കേസ് പ്രതി നല്‍കിയ ഹര്‍ജി പരിഗണക്കവെയായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. പിറവം സ്വദേശിയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍ എന്നിവരടങ്ങയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തപ്പെട്ട് ആജീവനാന്ത തടവിനായിരുന്നു പ്രതി ശിക്ഷിക്കപ്പെട്ടിരുന്നതെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കാന്‍ കഴിയാതെ പോയതോടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് വന്ന വീഴ്ച്ചയും കോടതി ചൂണ്ടിക്കാട്ടി.
ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ പീഡനമായി കണക്കാക്കരുതെന്നും പ്രതി കോടതിയില്‍ വാദിച്ചെങ്കിലും കോടതി അത് നിഷേധിക്കുകയായിരുന്നു. ലൈംഗീക താല്‍പ്പര്യത്തോടെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതിനെ പീഡനമായി തന്നെ കാണണമെന്നായിരുന്നു കോടതി നിലപാട്. ഇയാള്‍ക്കെതിരെ 375ാം വകുപ്പ് ചുമത്തണമെന്നും കോടതി വ്യക്തമാക്കി.



