Section

malabari-logo-mobile

വാഹന ഉടമയുടെ അപകട മരണം: ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷ്വൂറൻസ് നിഷേധിക്കാനാവില്ല ;ജില്ലാ ഉപഭോക്തൃ കമ്മീഷൻ

HIGHLIGHTS : Accidental death of vehicle owner: Insurance cannot be denied on ground of no licence; District Consumer Commission

പ്രീമിയം സ്വീകരിച്ച ശേഷം ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷ്വൂറൻസ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂർ അമരമ്പലം സ്വദേശി ഏലിയാമ്മ ‘ഫ്യൂച്ചർ ജനറലി’ ഇൻഷ്വൂറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ‘ടവേര’ കാറിന്റെ ഉടമയായിരുന്ന ഭർത്താവ് കുര്യൻ 2015 ഡിസംബർ 29ന് രാത്രി 12.15 മണിയോടെ ചോക്കാട് കല്ലാമൂലയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടിരുന്നു.

ഡ്രൈവിംഗ് ലൈസൻസുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നൽകുന്ന ഇൻഷ്വൂറൻസ് പോളിസിയുമുണ്ടായിരുന്നു. എന്നാൽ ഇൻഷ്വൂറൻസ് പോളിസി പ്രകാരം നൽകേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നൽകാൻ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ഇൻഷ്വൂറൻസ് പരിരക്ഷ ലഭിക്കാൻ ഡ്രൈവിംഗ് ലൈസൻസുകൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന്നില്ലെന്നും പറഞ്ഞാണ് ഇൻഷ്വൂറൻസ് നിഷേധിച്ചത്. ഇതേ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണ് ഓണർ കം ഡ്രൈവർ പോളിസിയുടെ ഉദ്ദേശമെന്നിരിക്കെ പ്രീമിയം സ്വീകരിച്ച ശേഷം ഇൻഷ്വൂറൻസ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണെന്നും പരാതിക്കാരിക്ക് തുക നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. വാഹനമോടിച്ചിരുന്നത് നിയമാനുസൃതം ലൈസൻസ് ഉണ്ടായിരുന്നയാളാണോ എന്നും സ്വന്തം വാഹനം അപകടത്തിൽപ്പെട്ടിട്ടാണൊ മരണമോ വൈകല്യമോ സംഭവിച്ചതെന്നും മാത്രമേ ഇൻഷ്വൂറൻസ് കമ്പനി നോക്കേണ്ടതുള്ളു. ഒരു വാഹനത്തിന്റെ ഉടമയാകാൻ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമില്ല എന്നിരിക്കെ വാഹന ഉടമയുടെ ഇൻഷ്വൂറൻസ് പരിരക്ഷയ്ക്ക് ലൈസൻസ് വേണമെന്ന നിബന്ധനക്ക് അടിസ്ഥാനമില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

sameeksha-malabarinews

പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപ ഹരജി തിയ്യതി മുതൽ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും സേവനത്തിൽ വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!