മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു ഇവര്‍. ലോറിയുടെ ഡ്രൈവര്‍, കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം അപകടമുണ്ടായത്. മീനാക്ഷി അമ്മാളും ഭാഗ്യലക്ഷ്മിയും സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. അപകടത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്.
ഇന്നലെയും ഇതേ സ്ഥലത്ത് അപകടമുണ്ടായി രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. സ്പീഡ് ബ്രേക്കര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മരിച്ച രണ്ടു പേരുടെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.




