
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദല്ലി എണ്ണ ഖനനകേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ദാരുണമായി മരണപ്പെട്ടു. തൃശൂർ സ്വദേശി നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്.
ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ഇരുവരും ഗുരുതരമായി പരിക്കേറ്റത്. തലയ്‌ക്കേറ്റ ഗുരുതര മുറിവുകൾ മരണകാരണമായെന്നാണ് പ്രാഥമിക വിവരം. അപകടത്തിൻ്റെ കൃത്യമായ കാരണം സംബന്ധിച്ച് വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശി നടുവിലപറമ്പിൽ സദാനന്ദൻറെയും സുനന്ദയുടെയും മകനാണ് നിഷിൽ സദാനന്ദൻ. ഭാര്യ ആതിര. മകൾ: രണ്ടുവയസ്സുകാരി ജാൻകി. ഗർഭിണിയായ ഭാര്യയെ കാണാൻ നിഷിൽ ഈ ആഴ്ച്ച നാട്ടിൽ പോകാനിരിക്കെയാണ് ദുരന്തം. 17ന് നാട്ടിലേക്കുള്ള ടിക്കറ്റെടുത്തിരുന്നു. അഞ്ചു വർഷത്തോളമായി നിഷിൽ കുവൈത്തിലെ റിഗ്ഗിലെ ജോലി ചെയ്ത് വരികയാണ്.
കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് സുനിൽ സോളമൻ. ഭാര്യ സജിത കുവൈത്തിൽ ഹെൽപ്പറായി ജോലിചെയ്യുകയാണ്. മക്കൾ: ഫേബ, ഫെബിൻ.
സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ലെങ്കിലും, കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി പ്രതിനിധികളും ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. മൃതശരീരങ്ങൾ ജഹ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായതിനെ തുടർന്ന് മൃതദേഹം ദജീജ് ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




