റായിപൂര്‍: ഛത്തീസ്ഗഡില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നാട്ടുകൂട്ടം മാസം 500 രൂപയും 25 കിലോ അരിയും നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് രക്ഷിതാക്കളാണ് നാട്ടുകൂട്ടത്തില്‍ പ്രശ്‌നം അവതരിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഗ്രാമത്തലവന്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഉത്തരവ് പ്രകാരം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വിവാഹം കഴിക്കുന്നത് വരെ മാസത്തില്‍ 500 രൂപയും, 25 കിലോ അരിയും നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവ് കൃത്യമായി പാലിച്ചില്ലെങ്കില്‍ കേസ് പോലീസിന് കൈമാറുമെന്നാണ് നാട്ടുകൂട്ടം പറഞ്ഞിരിക്കുന്നത്.
ഈ ഉത്തരവിനെതിരെ വിവിധ സംഘടനകളും, പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മണ്ഡലത്തിലാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയിരിക്കുന്നത്.




