Section

malabari-logo-mobile

ആറു മണിക്കൂറിനിടയില്‍ നൂറു വട്ടം രാജനും ജാഫറും അജിത്തും മുന്നില്‍ തെളിഞ്ഞു വന്നു….അബ്ദുള്‍ സലിം . ഇ.കെ. എഴുതുന്നു

HIGHLIGHTS : മനസ്സ് മരവിക്കുന്ന കാഴ്ചകള്‍ ഓരോന്നായി ഇന്നലെ കോട്ടക്കലിനടുത്ത് ചങ്കുവെട്ടി ഖുര്‍ബാനിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴ...

അബ്ദുള്‍ സലിം . ഇ.കെ.
സ്റ്റേഷന്‍ ഓഫീസര്‍ ,
മലപ്പുറം

അബ്ദുൾ സലിം. ഈ.കെ.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മെയ് പതിനൊന്നിന് വൈകീട്ട് മുക്കം നിലയത്തില്‍ നിന്ന് കഴിഞ്ഞവര്‍ഷം റിട്ടയര്‍ ചെയ്ത അസി. സ്റ്റേഷന്‍ ഓഫീസര്‍ വിജയനുമൊത്ത് വടകരയിലേക്ക് ഒരു ബൈക്ക് യാത്ര നടത്തിയത് ഓര്‍മ്മയിലെത്തുന്നു. എത്ര വേഗത്തില്‍ ഒരു ബൈക്ക് ഓടിക്കാം. അത്ര വേഗത്തിലായിരുന്നു ആ യാത്ര . വടകര വെള്ളിക്കുളങ്ങരയില്‍ നിര്‍മ്മാണത്തിനിടെ
കിണര്‍ ഇടിഞ്ഞ് അഞ്ച് പേര്‍ അകപ്പെട്ട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് മൂന്ന് അഗ്‌നിശമന സേനാംഗങ്ങളും അകപ്പെട്ടതറിഞ്ഞായിരുന്നു ആ മരണപ്പാച്ചില്‍. വിജയന്‍ അന്ന് വടകര സ്റ്റേഷന്‍ ലാവണമായി വര്‍ക്കിംഗ് അറേഞ്ച് മെന്റില്‍ മീഞ്ചന്തയില്‍ ജോലി ചെയ്യുകയാണ്. രാജന്‍ വിജയന്റെ ബാച്ചുകാരന്‍ , ജാഫറും അജിത്തും എനിക്കും പരിചയമുള്ളവര്‍.. ആദ്യം അകപ്പെട്ട മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തിയ ശേഷം രണ്ട് പേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ കിണര്‍ ഒന്നായി ഇടിഞ്ഞു താഴ്ന്ന് അഞ്ചു പേരും ഒന്നിച്ച് മണ്ണിനടിയിലായത്.

sameeksha-malabarinews

 

അന്ന് അവിടെ ചെന്നപ്പോള്‍ കണ്ട മനസ്സ് മരവിക്കുന്ന കാഴ്ചകള്‍ ഓരോന്നായി ഇന്നലെ കോട്ടക്കലിനടുത്ത് ചങ്കുവെട്ടി ഖുര്‍ബാനിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ അകപ്പെട്ട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ചെന്നപ്പോള്‍ പല തവണ ഒരു ചലചിത്രത്തിലെ രംഗം പോലെ മനസ്സില്‍ കടന്നുവന്നു കൊണ്ടിരുന്നു.

ഏതാണ്ട് ഒന്‍പതരയോടടുത്ത സമയത്താണ് , സംഭവം മലപ്പുറം നിലയത്തില്‍ അറിയുന്നത്. ഞങ്ങളെത്തുന്നതിനെ ഏതാനും മിനുട്ടുകള്‍ക്ക് മുമ്പേ തിരൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ പ്രമോദിന്റെ നേതൃത്വത്തില്‍ സേന സംഭവസ്ഥലത്ത് എത്തിയിരുന്നു.
അറുപത് അടിയോളം താഴ്ചയുള്ള കിണര്‍ , ഏതാണ്ട് മുപ്പത്തിയഞ്ച് അടി ആഴത്തില്‍ നിന്ന് മണ്ണ് ഒന്നാകെ ഇടിഞ്ഞ് വീണ് ഒരാള്‍ പൂര്‍ണമായും മണ്ണിനടിയിലാണ് .
മറ്റേയാളുടെ മുഖം മാത്രം പുറത്ത് കാണുന്ന രീതിയിലാണ്. സേന എത്തും മുമ്പേ തമിഴ് നാട്ടുകാരനായ പരശുരാമന്‍ എന്നയാള്‍ കിണറ്റില്‍ ഇറങ്ങി മുഖത്ത് നിന്ന് മണ്ണുനീക്കിയതാണ് ഒരാള്‍ക്ക് രക്ഷയായത്. മണ്ണിടിച്ചില്‍ തുടര്‍ന്നപ്പോള്‍ പരശുരാമന്‍ തിരികെ കയറുകയായിരുന്നു.

കിണറ്റിനടുത്തുള്ള കാല്‍ പെരുമാറ്റം പോലും വീണ്ടും മണ്ണ് ഇടിഞ്ഞു വീഴാന്‍ കാരണമായിക്കൊണ്ടിരിക്കുന്നു. കുടുങ്ങിക്കിടക്കുന്ന ആളുടെ ആര്‍ത്തനാദം കിണറ്റില്‍ നിന്ന് പുറത്തേക്ക് കേള്‍ക്കാം. വാര്‍ത്ത അറിഞ്ഞെത്തിയ
നൂറുകണക്കിന് ആളുകള്‍ പരിസരത്ത് കൂട്ടം കൂടി നില്‍പ്പുണ്ട് . രക്ഷാപ്രവര്‍ത്തിന് സഹായ വാഗ്ദാനവുമായെത്തിയവരും കാഴ്ചക്കാരുമുണ്ട് കൂട്ടത്തില്‍.

ഇത്തരം അപകടം നടന്ന സ്ഥലത്ത് കാഴ്ചക്കാരായെത്തുന്നആള്‍ക്കൂട്ടവും അപകടമുണ്ടാക്കുമെന്നത് വടകര ദുരന്തത്തിലെ അനുഭവ പാഠമാണ്. അന്ന് ആ പ്രദേശത്ത് കാഴ്ചക്കാരുടെ ബാഹുല്യം കൂടികിണര്‍ ഒന്നടങ്കം ഇടിഞ്ഞു താഴാന്‍ കാരണമായി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജീവന്‍ പണയപ്പെടുത്തി ആരെങ്കിലും കിണറ്റിലിറങ്ങാതെ രക്ഷാപ്രവര്‍ത്തനം സാധ്യമല്ല. കിണറ്റിനുള്ളില്‍ നിന്ന് അകപ്പെട്ട് കിടക്കുന്ന അഹദിന്റെകരച്ചിലും ഇടയ്ക്ക് മണ്‍കട്ടകള്‍ അടര്‍ന്നു വീഴുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്.
സമയം പറന്നു പോകുന്ന പോലെ . ഒരു രക്ഷാപ്രവര്‍ത്തനപാഠവും പ്രയോഗത്തിലെത്തിക്കാന്‍ സാധ്യമല്ലാത്ത അവസ്ഥ.

മലപ്പുറം നിലയത്തിലെ സീനിയര്‍ ഫയര്‍ & റസ്‌ക്യു ഓഫീസര്‍ പ്രതീഷും തിരൂരിലെ ഫയര്‍ & റസ്‌ക്യു ഓഫീസര്‍ രഘുരാജും ജീവന്‍ പണയം വെച്ചുള്ള ആ രക്ഷാദൗത്യത്തിന് തയ്യാറായി. ഫുള്‍ ബോഡി ഹാര്‍ണസ് അണിയിച്ച് ലൈഫ് ലൈന്‍ കെട്ടി കിണര്‍ പണിക്കാര്‍ തന്നെ മണ്ണ് വലിക്കാന്‍ കെട്ടിയ തണ്ടിന് മുകളിലൂടെ കിണറ്റിലേക്ക് തൂക്കിയിറക്കുക. അതായിരുന്നു മാര്‍ഗ്ഗം. പടവില്‍ ചവിട്ടിയിറങ്ങിയാല്‍ വീണ്ടും മണ്ണിടിഞ്ഞ് വീഴും. ഒരാള്‍ കണ്ണിമ വെട്ടാതെ വീക്ഷിക്കുക. നിര്‍ദ്ദേശങ്ങള്‍ നല്‍കുക. മണ്ണിടിച്ചിലിന്റെ വല്ല ലക്ഷണവും കണ്ടാല്‍ രണ്ട് പേരേയും വലിച്ചു കയറ്റാന്‍ സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും കയറിനറ്റം പിടിച്ച് നിര്‍ദ്ദേശങ്ങള്‍ക്കായി കാതുകൂര്‍പ്പിച്ചു നിന്നു.
മനസ്സില്‍ വീണ്ടും രാജന്റേയും അജിത്തിന്റേയും ജാഫറിന്റേ രൂപം തെളിഞ്ഞു വരുന്നു.
കിണറ്റിനടിയില്‍ ഒരാള്‍ ജീവന് വേണ്ടി പിടയുന്നു.
രണ്ട് സഹപ്രവര്‍ത്തകര്‍ അപകടകരമായ ദൗത്യത്തിനിറങ്ങുകയാണ്.
എന്തെങ്കിലും അപകടം മണത്താന്‍ തിരിച്ച് കയറാന്‍ ലാഡറും ഇറക്കി വെച്ചു. പ്രതീഷും രഘുരാജും താഴെ എത്തി. മണ്ണിടിഞ്ഞ് അകത്തേക്ക് രൂപപ്പെട്ട ഗര്‍ത്തത്തിന്റെ ഭീകരത കണ്ട് മുകളിലുള്ള നാട്ടുകാരെ മുഴുവന്‍ മാറ്റാന്‍ പ്രതീഷ് ഇടക്ക് വിളിച്ച് പറയുന്നുണ്ട്. നനവുളളചീടി മണ്ണ് സിമന്റ് പോലെ സെറ്റായിക്കിടക്കുന്ന കാരണം മണ്ണു മാറ്റിയുള്ള രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായി. മണ്‍ വെട്ടി കൊണ്ട് മണ്ണെടുക്കാനുള്ള ശ്രമം പോലും വീണ്ടും മണ്ണിടിയാന്‍ കാരണമാകുന്നുണ്ട് എന്ന് ബോധ്യപ്പെട്ടതോടെ ചെറിയ ബക്കറ്റ് ഉപയോഗിച്ച് മണ്ണ് അല്‍പ്പാല്‍പ്പം മാന്തിയെടുത്ത് അഹദിനെ എങ്ങനെയെങ്കിലും പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. അഹദ് തന്നെ രണ്ട് കൈകള്‍ ഉപയോഗിച്ചും ചുറ്റുമുള്ള മണ്ണ് മാന്തിക്കൊണ്ടിരിക്കുന്ന കാഴ്ച നെഞ്ചിടിപ്പോടെ നോക്കി നിന്നു. ആള്‍ പൂര്‍ണ്ണ ബോധത്തിലാണ് എന്നത് ഏറെ ആശ്വാസമുണ്ടാക്കി. മണ്ണിനടിയിലുള്ള അലി അക്ബര്‍ തന്റെ കാലിനടുത്ത് തന്നെ ഉണ്ടെന്നും അഹദ് സൂചന നല്‍കി.സമയം നീണ്ടു പോ കുകയാണ്. എത്ര ശ്രമിച്ചിട്ടും എല്ലൊടിഞ്ഞ കാല്‍ പുറത്തെടുക്കാനാവുന്നില്ല. ഇടക്ക് ഒന്ന് രണ്ട് വട്ടം വീണ്ടും മണ്ണിടിഞ്ഞു വീണു.രക്ഷാപ്രവര്‍ത്തനം വൈകുന്നതോടെ അക്ഷമരായി നാട്ടുകാര്‍
പല പുതിയ നിര്‍ദേശങ്ങളുമായി വരുന്നുണ്ട്. തൊട്ടടുത്ത കുഴല്‍ കിണറില്‍നിന്ന് വെള്ളം കിനിഞ്ഞിറക്കുന്നതും പ്രശ്‌നമാവുയാണ്.

എത്ര സമയമെടുത്താലും ജീവനോടെ ഉള്ള ആളെ സുരക്ഷിതമായി പുറത്തെത്തിക്കണം
രക്ഷാപ്രവര്‍ത്തകരുടെ ജീവനും ശ്രദ്ധിക്കേണ്ടതുണ്ട്.
അത് വരെ നാട്ടുകാരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കില്ല എന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എസ്.എല്‍ ദിലീപ് സര്‍ നാട്ടുകാരോട് ഉറപ്പിച്ചു പറഞ്ഞു. കിണര്‍ പണിക്കാരായ രണ്ട് നാട്ടുകാരും പിന്നീട് സഹായത്തിന് കിണറ്റിലിറങ്ങി. വീണ്ടും സമയത്തിന്റെ വിലയറിയുന്ന നിമിഷങ്ങള്‍.

ഒന്ന് രണ്ട് വട്ടം കയറുകൊണ്ട് കെട്ടിവലിച്ച് അഹദിനെ ഉയര്‍ത്താനുള്ള ശ്രമം നടത്തി നോക്കി. പൊട്ടിയ കാല്‍വേദനിച്ച് അഹദ് കരയാന്‍ തുടങ്ങിയപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചു. ഇടക്ക് പ്രതീഷും രഘുവും തിരിച്ച് കയറി മലപ്പുറം നിലയത്തിലെ നിഷാന്തും അഫ്‌സലും തിരൂരിലെ സജിത്തും നാരായണന്‍ കുട്ടിയും പകരം കിണറ്റിലിറങ്ങി രക്ഷാദൗത്യം തുടര്‍ന്നു.
ഏതാണ്ട് ഒന്നര മണിയോടെ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഫലം കണ്ടു. മണ്ണു നീക്കി അഹദിനെ കിണറ്റിന് പുറത്തെത്തിച്ചു.

പിന്നീട് കിണര്‍ ജോലികള്‍ ചെയ്ത് പരിചയമുള്ള നാട്ടുകാരുടെ സഹായത്തോടെ നീക്കുന്ന മണ്ണ് കൊട്ടയില്‍ പുറത്തേക്കെടുത്ത് അലി അക്ബറിനെ കണ്ടെത്താനുളള ശ്രമമാരംഭിച്ചു. ഓരോ തവണ മണ്‍ വെട്ടി കൊണ്ട് കിളക്കുമ്പോല്യം മണ്ണ് ഇടിഞ്ഞു വീഴുന്നുണ്ട്. നേരത്തേ അഹദ് കിണറ്റിലുള സമയത്ത് മണ്ണ് ഉപകരണങ്ങളുപയോഗിച്ച് മാറ്റാതിരുന്നതിന്റെ കാരണം നാട്ടുകാര്‍ക്ക് ബോധ്യം വന്നു.ചുറ്റും കൂടി നില്‍ക്കുന്നവരുടെ ഉത്കണ്ഠ മനസ്സിലാവുന്നു.. അവരും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് നിര്‍ദ്ദേശങ്ങളുമായി വരുന്നത്. പക്ഷേ സുരക്ഷിതമായ രക്ഷാപ്രവര്‍ത്തനത്തിന് ചിലപ്പോള്‍ സമയമെടുക്കും. അപകടാവസ്ഥ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യരുതെന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠം.
നാട്ടുകാര്‍ രണ്ട് പേര്‍ കൂടി ഹാര്‍ണസും ഹെല്‍മറ്റും ധരിച്ച് കിണറ്റിലിറങ്ങി മണ്ണ് മാറ്റാന്‍ സഹായിച്ചു ഇടക്ക് ഒരു ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയും കിണറ്റിലിറങ്ങി..
ഏതാണ്ട് മൂന്നര മണിക്ക് അക്ബര്‍ അലിയെയും പുറത്തെടുത്തെങ്കിലും ആള്‍ മരണപ്പെട്ടിരുന്നു.

നൂറു കണക്കിന് പേരുടെ ഒറ്റ മനസ്സോടെയുള്ള ആറു മണിക്കൂര്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനം . ഒരു ജീവനെങ്കിലും രക്ഷിക്കാനായതില്‍ ആരോടൊക്കെ നന്ദി പറയണമെന്നറിയില്ല. സര്‍വീസ് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായരായ രക്ഷാദൗത്യങ്ങളില്‍ ഒന്ന് . ഓരോവട്ടം മണ്‍കട്ടകള്‍ അടര്‍ന്ന് വീഴുമ്പോഴും വടകര വെള്ളിക്കുളങ്ങരയിലെ 2002 മെയ് പതിനൊന്നിലെ ആ സായാഹ്നം ഓര്‍മ്മയില്‍ തെളിയുന്നുണ്ടായിരുന്നു….

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!