യാത്രക്കിടെ വയോധികയുടെ മാലപൊട്ടിച്ച് തീവണ്ടിയില്‍ നിന്ന് ചാടിയ യുവാവിന് ഗുരുതര പരിക്ക്

ചിത്രം ഫയല്‍

പാലക്കാട്: തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ മാലപൊട്ടിച്ച് തീവണ്ടിയില്‍ നിന്നും ചാടിയ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അസം ഫാക്കിരാഗ്രാം സ്വദേശി റോഫിക്കുല്‍ റഹ്‌മാനാണ് (31) പരിക്കേറ്റത്. റെയില്‍വേ പോലീസാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മംഗലാപുരത്തു നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന എഗ്മൂര്‍ എക്‌സ്പ്രസിലാണ് ശനിയാഴ്ച ഉച്ചയോടെ സംഭവം ഉണ്ടായത്.

സ്ലീപ്പര്‍ കോച്ചില്‍ തലശ്ശേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന മൂന്ന് സ്ത്രീകളില്‍ ഒരാളുടെ മാല ഈ യുവാവ് പൊട്ടിക്കുകയായിരുന്നു. സ്്ത്രീകള്‍ ബഹളം വെച്ചതോടെ ഇയാള്‍ ഓടുകയായിരുന്നു. കഞ്ചിക്കോടിനും വാളയാറിനും ഇടയില്‍ തീവണ്ടി എത്തിയ സമയത്താണ് സംഭവം ഉണ്ടായത്. യാത്രക്കാരില്‍ ഒരാള്‍ തീവണ്ടിയുടെ ചങ്ങല വലിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ റെയില്‍വേ പോലീസ് മാലപൊട്ടിച്ച വിവരം അറിഞ്ഞ് ഉടനെ പ്രതിയെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ നാലുമണിയോടെ ചുള്ളിമടയ്ക്ക് സമീപം കാടിനോട് ചേര്‍ന്ന സ്ഥലത്തുനിന്ന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

സാരമായി പരിക്കേറ്റ പ്രതിയെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്കും മാറ്റി. ഇയാള്‍ മലപ്പുറത്തെ ഒരു ക്വാറിയില്‍ ജീവനക്കാരനാണെന്നാണ് വിവരം. നിലവില്‍ പ്രതി പോലീസിന്റെ കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top