കളിത്തോക്ക് ചൂണ്ടി നാട്ടുകാരെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ യുവാവിനെ പോലീസ് മല്‍പ്പിടുത്തത്തിലൂടെ കീഴ്പെടുത്തി

മലപ്പുറം: ചമ്രവട്ടത്ത് നാട്ടുകാരെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി കളിത്തോക്കുമായി പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം. ആലത്തിയൂര്‍ ആലിങ്ങലിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പൊന്നാനി സ്വദേശിയായ യുവാവാണ് നാട്ടുകാരേയും പൊലീസിനേയും മുള്‍മുനയില്‍ നിര്‍ത്തി തോക്കെടുത്തത്.

മറ്റൊരു യുവാവിനൊപ്പം ആലിങ്ങലില്‍ ബൈക്കിലെത്തിയതായിരുന്നു യുവാവ്. ബൈക്ക് യാത്രികനാണ് ഇയാളെ കുറിച്ച് തിരൂര്‍ പോലീസിന് വിവരം നല്‍കിയത്. പോലീസെത്തിയതോടെ അരയില്‍ നിന്ന് തോക്ക് പുറത്തെടുത്ത യുവാവ് പോലീസിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു.

ഇതിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമമുണ്ടായി. എന്നാല്‍ പോലീസുള്ളതിനാല്‍ വിജയിച്ചില്ല. അതോടെ ആലത്തിയൂര്‍ റോഡിലേക്ക് നടന്നുനീങ്ങിയ യുവാവിനെ ഇന്‍സ്പെക്ടറും സംഘവും പിന്തുടര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കൈയിലുള്ളത് കളിത്തോക്കാണെന്ന് പോലീസിന് ആദ്യമേ മനസ്സിലായിരുന്നതിനാല്‍ മല്‍പ്പിടുത്തത്തിലൂടെ തന്നെ യുവാവിനെ കീഴടക്കി. ഇതിനിടെ തോക്ക് തകര്‍ന്ന് തരിപ്പണമാകുകയും ചെയ്തു.

മാനസിക രോഗത്തിന് ചികിത്സയിലുള്ളയാളാണ് യുവാവെന്ന് ഇന്‍സ്പെക്ടര്‍ ജിജോ പറഞ്ഞു. ചമ്രവട്ടം ജംഗ്ഷനില്‍ നിന്നായിരുന്നു ഇയാള്‍ പൊന്നാനിയില്‍ നിന്ന് കൂട്ടായിയിലേക്ക് പോകുകയായിരുന്ന യുവാവിന്റെ ബൈക്കില്‍ കയറിയത്. ബൈക്ക് യാത്രക്കിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാലാണ് ആലിങ്ങലില്‍ യുവാവ് ഇറങ്ങിയ ശേഷം യുവാവ് പോലീസില്‍ വിവരം അറിയിച്ചത്.

 

Share news
error: Content is protected !!
Scroll to Top