ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് പട്ടണക്കാട് കടക്കരപ്പള്ളി സ്വദേശിനി ആരതിയെ ഭര്‍ത്താവ് ശ്യാംജിത്ത് ചന്ദ്രനാണ് തീ കൊളുത്തിയത്. രാവിലെ നടു റോഡില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിനിടെ ഭര്‍ത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി വരുന്നതിനിടെ രാവിലെ ഒമ്പതരയോടെയാണ് ആരതിയുടെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ശ്യാംജിത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ആരതി സ്ഥിരമായി വരുന്ന ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം തിരക്കൊഴിഞ്ഞ റോഡില്‍ പെട്രോള്‍ നിറഞ്ഞ കന്നാസുമായി കാത്ത് നിന്നാണ് ശ്യാംജിത്ത് ആക്രമിച്ചത്. യുവതിയുടെ ശരീരത്തില്‍ തീ പടര്‍ന്നതിനൊപ്പം ഇയാള്‍ക്കും പൊള്ളലേറ്റു. തീപ്പൊള്ളലേറ്റ ആരതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

പൊള്ളലേറ്റ ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ ആരതി വൈകിട്ട് നാലുമണിയോടെ മരിച്ചു.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ഒന്‍പതും മൂന്നും വയസുള്ള കുട്ടികള്‍ ഇവര്‍ക്കുണ്ട്. കുട്ടികള്‍ ആരതിക്കൊപ്പമാണ്. ദീര്‍ഘനാളുകളായി കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു. മെഡിക്കല്‍ റെപ്പായി ജോലി ചെയ്യുകയായിരുന്നു ശ്യാംജിത്ത്. മൂന്നു മാസം മുന്‍പ് ഇയാള്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top