ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ്; ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി എ.എം. ആരിഫ് എം.പി.

ആലുപ്പുഴ: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബി.ജെ.പി. നേതാവ് നല്‍കിയ പരാതിയില്‍ ലക്ഷദ്വീപ് സ്വദേശിയും സിനിമാപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി എ.എം. ആരിഫ് എം.പി. ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റെതാണെന്ന് ഐഷ സുല്‍ത്താനക്ക് പിന്തുണയര്‍പ്പിച്ച പോസ്റ്റില്‍ എ.എം. ആരിഫ് പറഞ്ഞു.

നേരത്തെ TV5, ABN, ആന്ധ്രാജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് കേസെടുത്തതില്‍, സുപ്രീംകോടതി ആന്ധ്രാ സര്‍ക്കാരിന്റെ പ്രതികരണം തേടിയിരിക്കുന്നത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ദ്വീപില്‍ കോവിഡ് പടരാനിടയാക്കിയ ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചതെന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.സിയുടെ 124 എ, 153 എന്നീ വകുപ്പുകള്‍ക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് കോടതി
ഈയിടെ പറഞ്ഞിരുന്നെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങള്‍ സംബന്ധിച്ചാണെന്നും അദ്ദേഹം പറഞ്ഞു

ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് ഐഷ സുല്‍ത്താനക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

എഎം ആരിഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ്

#Support #ഐഷ_സുല്‍ത്താന

ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തു. ഐഷ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേലിനെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചുവെന്ന് കാട്ടി ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി പരാമര്‍ശം പിന്‍വലിക്കണമെന്ന് ഐഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐഷ തയ്യാറായില്ല. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത്. ദ്വീപില്‍ കോവിഡ് പടരാനിടയാക്കിയ ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചതെന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു.

ഈയിടെ TV5, ABN, ആന്ധ്രാജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് കേസെടുത്തതില്‍, സുപ്രീംകോടതി ആന്ധ്രാ സര്‍ക്കാരിന്റെ പ്രതികരണം തേടിയിരിക്കുന്ന അവസരത്തിലും ഇത്തരം അധികാര പ്രമത്തതയുമായി കേന്ദ്ര ഭരണകൂടത്തിന്റെ പ്രതിനിധി മുന്നോട്ട് പോവുകയാണ് .

ഐപിസിയുടെ 124 എ, 153 എന്നീ വകുപ്പുകള്‍ക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് ബഹുമാനപ്പെട്ട കോടതി പറഞ്ഞിരുന്നു. പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങള്‍ സംബന്ധിച്ച്’

Share news
error: Content is protected !!
Scroll to Top