HIGHLIGHTS : A group of children approached Sports Minister V. Abdurahman with a demand for a ground.
മലപ്പുറം : സര്‍, ഞങ്ങള്‍ കുട്ടികള്‍ക്ക് കളിക്കാന്‍ ഗ്രൗണ്ട് ഇല്ല. ഞങ്ങള്‍ക്ക് പുതിയ ഗ്രൗണ്ട് നല്‍കണം. പ്ലീസ്… അദാലത്തിലെത്തിയ പരാതികളിലൊന്ന് ഇങ്ങനെയായിരുന്നു. ഒരു കൂട്ടം കുട്ടികളാണ് ഗ്രൗണ്ട് വേണമെന്ന ആവശ്യവുമായി കായിക വകുപ്പ്മന്ത്രി വി. അബ്ദുറഹ്‌മാന്റെ മുന്‍പിലെത്തിയത്. വേണ്ടതു ചെയ്യാമെന്ന് ആശ്വസിപ്പിച്ച് ഓരോരുത്തര്‍ക്കും ഷേക്ക് ഹാന്‍ഡും നല്‍കിയാണ് മന്ത്രി ഇവരെ പറഞ്ഞു വിട്ടത്.
കാട്ടുമുണ്ട ഗവ. എല്‍.പി സ്‌കൂളിലെയും യു.പി. സ്‌കൂളിലെയും വിദ്യാര്‍ഥികളായ മുഹമ്മദ് സമാന്‍, സയാന്‍, റഹാന്‍, നഹാന്‍, ഹമാസ് , ആദില്‍ എന്നിവരാണ് പരാതി നല്‍കിയത്.
ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഇവരുടെ പരാതി കേട്ട ശേഷം ജില്ലാ വിദ്യാഭ്യാസ ഡെപ്പൂട്ടി ഡയറക്ടറോട് എന്തു ചെയ്യാന്‍ കഴിയുമെന്നാരാഞ്ഞു. രണ്ട് സ്‌കൂളുകള്‍ക്കുമിടയില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം കളിസ്ഥലമാക്കി നല്‍കണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. എന്നാല്‍ വൈകീട്ട് അഞ്ചര വരെ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് സകൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് കളക്ടര്‍ ഇവരെ അറിയിച്ചു.
കാട്ടുമുണ്ട കുന്നുംപുറം ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന റവന്യൂ ഭൂമി കളിസ്ഥലമാക്കി മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ മറ്റൊരു വിഭാഗം കുട്ടികളും മന്ത്രി വി. അബ്ദുറഹ്‌മാനെ കണ്ടു. ജെ. സി. ബി. ഉപയോഗിച്ച് സ്ഥലം നിരപ്പാക്കാ നല്‍കണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി.