വയോജന സെന്‍സസ് നടത്തും; മുഖ്യമന്ത്രി

വയോജന സെന്‍സസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2015 ലെ ഭിന്നശേഷി സെന്‍സസ് മാതൃകയിലാവും ഇത്. വയോജനങ്ങള്‍ക്കായി വിവിധ വകുപ്പുകള്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. ഇക്കാര്യങ്ങള്‍ക്ക് അങ്കണവാടി വര്‍ക്കര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ ഉറപ്പാക്കാന്‍ വനിതാ ശിശുവികസന വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വിവിധ വയോജനപദ്ധതികള്‍ സംബന്ധിച്ച് വയോജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അവബോധമില്ലാത്തത് മൂലം അര്‍ഹരായ പലര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. വാര്‍ഡ് മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉപയോഗിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം.

സാമൂഹ്യനീതി വകുപ്പിന് ജില്ലകളില്‍ ഒരു കാര്യാലയം മാത്രമാണുള്ളത്. പദ്ധതികളുടെ ആനുകൂല്യങ്ങള്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ എത്തിക്കുന്നതിനും സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും ബ്ലോക്ക് തലത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായി എല്ലാ ബ്ലോക്കിലും വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കണം.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അനാഥ / അഗതി / വൃദ്ധ മന്ദിരങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മന്ദിരങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് സംസ്ഥാന ഓഫീസിന് കൈമാറണം. സംസ്ഥാന ഓഫീസ് ഈ റിപ്പോര്‍ട്ട് പരിശോധിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയിലാണ് പ്രവര്‍ത്തനമെന്ന് ഉറപ്പാക്കണം.

ഒരു അന്തേവാസിക്ക് 80 ചതുരശ്ര അടി എന്ന കണക്കില്‍ സ്ഥല സൗകര്യം ഒരുക്കണമെന്നാണ് നിഷ്‌കര്‍ഷ. മന്ദിരങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കലിന് അപേക്ഷ ലഭിച്ചാല്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മന്ദിരം സന്ദര്‍ശിച്ച് ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തണം.

സര്‍ക്കാര്‍ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് മാത്രമായി ഇപ്പോള്‍ വയോമിത്രം പദ്ധതിയുടെ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ മന്ദിരങ്ങളിലേക്കും വ്യാപിപ്പിക്കണം. മുഖ്യമന്ത്രി അധ്യക്ഷനായുള്ള സംസ്ഥാനതല അവലോകന സമിതി ആറ് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

മന്ത്രിമാരായ ആര്‍.ബിന്ദു, വീണാ ജോര്‍ജ്ജ്, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ശര്‍മിള മേരി ജോസഫ്, മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top