വണ്ണംകുറയ്ക്കാനായി ജ്യൂസ് മാത്രം കഴിച്ചിരുന്ന പതിനേഴുകാരന്‍ കുഴഞ്ഞുവീണു മരിച്ചു
.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ ശക്തീശ്വരന്‍ ആണ് മരിച്ചത്. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ സംഭവം. കഴിഞ്ഞ മൂന്ന് മാസമായി കുട്ടി യൂട്യൂബില്‍ കണ്ട ഒരു വീഡിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്വയം നിശ്ചയിച്ച പഴച്ചാറുകള്‍ മാത്രം കഴിക്കുന്ന ഭക്ഷണക്രമത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ശക്തീശ്വരന്‍ ഒരു ഡോക്ടറെയോ, പോഷകാഹാര വിദഗ്ദ്ധനെയോ സമീപിച്ചിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം ഡോക്ടര്‍മാരോടും പോലീസിനോടും പറഞ്ഞു. കുട്ടി ചില നിര്‍ദ്ദിഷ്ട മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും അടുത്തിടെ വ്യായാമം ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ ഡയറ്റ് പിന്തുടരാന്‍ ശ്രമിച്ചുകൊണ്ട്, ഖര ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കി പഴച്ചാറുകള്‍ മാത്രം കഴിച്ചിരുന്നതായി കുട്ടിയുടെ കുടുംബം പറഞ്ഞു. വ്യാഴാഴ്ച കുട്ടിക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും വീട്ടില്‍ കുഴഞ്ഞുവീഴുകയുമായിരുന്നത്രെ.
ചെറുപ്പം മുതലേ ശക്തീശ്വരന്‍ ശരീരത്തെക്കുറിച്ച് ബോധവാനായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ ഒരു കോളേജില്‍ അടുത്തിടെ പ്രവേശനം നേടിയ ശക്തീശ്വരന്‍ കോളേജ് ആരംഭിക്കുന്നതിന് മുമ്പ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി പഴങ്ങളും ജ്യൂസും മാത്രം കഴിച്ചിരുന്ന അദ്ദേഹം ക്രമേണ മെലിഞ്ഞുപോയിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.
വ്യാഴാഴ്ച, അദ്ദേഹത്തിന്റെ കുടുംബം ഒരു പൂജ ചടങ്ങ് നടത്തി, മാസങ്ങള്‍ക്ക് ശേഷം ആദ്യമായി കട്ടിയുള്ള ഭക്ഷണം കഴിക്കുകയും ഇതോടെ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതായും അയല്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ശക്തീശ്വരന് ശ്വാസതടസ്സം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നെന്നാണ് അയല്‍ക്കാര്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാര്‍ നിലവില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ശ്വാസംമുട്ടല്‍ ഒരു കാരണമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തെറ്റായ ഭക്ഷണക്രമം മൂലമാണോ കുട്ടിയുടെ മരണം സംഭവിച്ചതെന്ന് വൈദ്യശാസ്ത്രപരമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സമാനമായ ഒരു സംഭവത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 വയസ്സുള്ള ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. ശരീരഭാരം കൂടുമെന്ന ഭയം മൂലം ഭക്ഷണ നിയന്ത്രണത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി കൂത്തുപറമ്പ് നിവാസിയായ ശ്രീനന്ദയാണ് മരിച്ചത്.




