850 ഇന്ത്യക്കാര്‍ മടങ്ങിയെത്തി, 537 പാകിസ്ഥാന്‍ പൗരന്മാര്‍ ഇന്ത്യ വിട്ടു; സമയപരിധി ഇന്നലെ അവസാനിച്ചു

ന്യൂഡല്‍ഹി: അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 537 പാകിസ്ഥാന്‍ പൗരന്മാര്‍ ഇന്ത്യ വിട്ടു. 12 വിഭാഗങ്ങളിലുള്ള ഹ്രസ്വകാല വിസ ഉടമകള്‍ക്കുള്ള എക്സിറ്റ് സമയപരിധി ഇന്നലെ അവസാനിച്ചു.

പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി വഴി നാല് ദിവസത്തിനുള്ളില്‍ 14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 850 ഇന്ത്യക്കാര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. കേരളത്തിലുണ്ടായിരുന്ന 104 പാക്ക് പൗരന്മാരില്‍ ആറ് പേര്‍ തിരിച്ചുപോയി. സന്ദര്‍ശന വീസയില്‍ വന്നവരാണ് തിരിച്ചു പോയത്. അവശേഷിക്കുന്ന 98 പാക്ക് പൗരന്മാരും ദീര്‍ഘകാല വീസയില്‍ വന്നതിനാല്‍ രാജ്യത്തു തുടരാന്‍ തടസമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വിനോദസഞ്ചാരികളടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പാക് പൗരന്‍മാര്‍ക്ക് ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചത്.

സാര്‍ക് വിസ കൈവശം വെച്ചിരിക്കുന്നവര്‍ക്കുള്ള സമയപരിധി ഏപ്രില്‍ 26 വരെയും മെഡിക്കല്‍ വിസ കൈവശം വെച്ചിരിക്കുന്നവര്‍ക്കുള്ള സമയപരിധി ഏപ്രില്‍ 29 വരെയുമാണ്. ദീര്‍ഘകാല വിസ ഉള്ളവരും നയതന്ത്ര, ഔദ്യോഗിക വിസ ഉള്ളവരെയും ഇന്ത്യ വിട്ടു പോകാനുള്ള ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹ്രസ്വകാല വിസയുള്ള പാകിസ്താനികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണെന്നാണ് വിവരം. ഇതില്‍ 107 പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒന്‍പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 237 പാകിസ്ഥാന്‍ പൗരന്മാര്‍ ഞായറാഴ്ച അട്ടാരി-വാഗ അതിര്‍ത്തി പോസ്റ്റ് വഴി ഇന്ത്യ വിട്ടതായും ഏപ്രില്‍ 26 ന് 81 പേരും ഏപ്രില്‍ 25 ന് 191 പേരും ഏപ്രില്‍ 24 ന് 28 പേരും പോയതായും ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.

ദീര്‍ഘകാല വീസയില്‍ വന്ന ഹിന്ദുക്കളായ പാക്ക് പൗരന്മാര്‍ക്ക് ഇന്ത്യയില്‍ തുടരാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ വിവാഹം കഴിച്ചു ദീര്‍ഘകാലമായി ഇവിടെ കഴിയുന്ന പാക്ക് പൗരന്മാര്‍ അടക്കമുള്ളവരോടു തിരികെ പോകാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top