കാപ്‌കോസിന് 74 കോടിയുടെ ധനസഹായം; നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

HIGHLIGHTS : 74 crore funding for CAPCOS; Construction work has started

നെല്‍കര്‍ഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണമേഖലയില്‍ തുടങ്ങിയ കേരള പാഡി പ്രൊക്യുര്‍മെന്റ് പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്‌കോസ്) നബാര്‍ഡിന്റെ ധനസഹായം ലഭിച്ചു.

നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാസ്ട്രകച്ചറല്‍ ഡെവലപ്പ് മെന്റ് ഫണ്ട് (ആര്‍. ഐ. ഡി. എഫ്) പദ്ധതിപ്രകാരമുള്ള 74 കോടി രൂപയുടെ ധനസഹായമാണ് കാപ്‌കോസിന് അനുവദിച്ചതെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സര്‍ക്കാര്‍ ഗ്യാരന്റിയിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്.

കാപ്‌കോസിന്റെ പദ്ധതിക്ക് പത്തുകോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായമാണ്. ഇതില്‍ ഒരു കോടി രൂപ അനുവദിച്ചുകഴിഞ്ഞു. ആറുകോടി 33 ലക്ഷം രൂപ 48 സംഘങ്ങളില്‍ നിന്ന് ഓഹരിയായി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയും സഹകരണ വകുപ്പ് അനുവദിച്ചിരുന്നു.

സംസ്ഥാനത്ത് പാലക്കാട് ഒഴികെ എല്ലാ ജില്ലകളും പ്രവര്‍ത്തന പരിധിയായുള്ള കാപ്‌കോസിന്റെ ആദ്യമില്ലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റുമാനൂര്‍ കിടങ്ങൂര്‍ കൂടല്ലൂര്‍ കവലയ്ക്ക് സമീപം പത്തേക്കര്‍ ഭൂമിയില്‍ ആരംഭിച്ചു കഴിഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല.

പതിനെട്ട് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നൂതനമായ സാങ്കേതിക വിദ്യയില്‍ അധിഷ്ടമായ മില്ലാണ് നിര്‍മ്മിക്കുന്നത്. ഇവിടെ 50,000 മെട്രിക് ടണ്‍ നെല്ല് പ്രതിവര്‍ഷം സംസ്‌ക്കരിക്കാന്‍ സാധിക്കും. നെല്ല് സംഭരിക്കുന്ന വെയര്‍ഹൗസിന് പകരം 3500 ടണ്‍ ശേഷിയുള്ള 8 ആധുനിക സൈലോകളാണ് സ്ഥാപിക്കുക.

നെല്ലുസംഭരണത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ മനസിലാക്കിയാണ് സഹകരണമേഖലയില്‍ റൈസ് മില്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. റൈസ് മില്ലിന്റെ നിര്‍മാണം പതിനെട്ടുമാസത്തിനുള്ളില്‍ പൂര്‍ത്തികരിച്ച് അരി ജനങ്ങള്‍ക്ക് എത്തിക്കുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മില്ല് പൂര്‍ത്തിയാകുന്നതോടെ അപ്പര്‍ കുട്ടനാട് മേഖലയിലെ നെല്ലു സംസ്‌കരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ ശക്തമാവുമെന്നും കാപ്‌കോസ് നെല്‍കര്‍ഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമായി മാറുമെന്ന് സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!