
ദിസ്പൂർ: അസമിൽ ട്രെയിൻ ഇടിച്ച് 7 ആനകൾ ചരിഞ്ഞു. ഒരു ആനയ്ക്ക് പരിക്കേറ്റു. അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്. സയ്‌രംഗ് – ഡൽഹി രാജധാനി എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറിയാണ് ആനകൾ ചരിഞ്ഞത്. അപകടത്തിൽ ട്രെയിനിന്റെ അഞ്ച് കോച്ചുകളും എൻജിനും പാളം തെറ്റി. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
നാഗോൺ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുഹാസ് കദം അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. റെയിൽവേ അധികൃതരും സ്ഥലത്തെത്തിയിരുന്നു.
അപകടത്തെത്തുടർന്ന് ജമുനാമുഖ് – കാംപൂർ സെക്ഷനിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അപകടം നടന്ന ഭാഗത്തുകൂടി കടന്നുപോകേണ്ട ട്രെയിനുകൾ ഇപ്പോൾ യുപി ലൈൻ വഴി തിരിച്ചുവിട്ടിരിക്കുകയാണ്. റെയിൽവേ അധികൃതർ പാളം പുനഃസ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. സയ്‌രംഗ് – ഡൽഹി രാജധാനി എക്സ്പ്രസ് ട്രെയിൻ മിസോറാമിലെ ഐസ്വാളിനടുത്തുള്ള സയ്‌രംഗിനെയും ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിനെയും ബന്ധിപ്പിക്കുന്നതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




