ഇടുക്കി : തൊടുപുഴ കുടയത്തൂര്‍ സംഗമം കവലക്ക് സമീപം ഉണ്ടായ അപ്രതീക്ഷിത ഉരുള്‍പൊട്ടലില്‍ 5 പേര്‍ മരിച്ചു. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയില്‍ പെട്ട് മരിച്ചത്.
ഇവരില്‍ തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തൊട്ടു പിന്നാലെ കൊച്ചുമകന്‍ ദേവാനന്ദിന്റെ മൃതദേഹം കണ്ടെടുത്തു. വീടിനു താഴെയായി അടിഞ്ഞുകൂടിയ മണ്ണിന് അടിയില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടേയും ശ്രമം തുടരുന്നതിനിടെ ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് വീടിരുന്ന ഭാഗത്ത് തന്നെ സോമന്റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാകും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക
രാത്രി 10 മണിയോടെ തുടങ്ങിയ ശക്തമായ മഴക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നാണ് അപകടമുണ്ടായത്. വീട് പൂര്‍ണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ടാപ്പിങ് തൊഴിലാളി ആയിരുന്നു സോമന്‍. അഞ്ച് സെന്റ് സ്ഥലത്താണ് സോമന്റെ വീട് ഉണ്ടായിരുന്നത്.




