Section

malabari-logo-mobile

38 കുടുംബാരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു : മന്ത്രി കെ.കെ. ശൈലജ ടീച്ചർ

HIGHLIGHTS : ഈ സർക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആ...

ഈ സർക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചത്. അതിൽ 500ലധികം കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്. ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രമായി മാറും. കെട്ടിടം പൂർത്തിയാകാൻ അൽപം കാലതാമസം എടുക്കുമെങ്കിലും എല്ലായിടത്തും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 38 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം ജില്ലയിൽ 6, കൊല്ലം 3, പത്തനംതിട്ട 2, ആലപ്പുഴ 4, കോട്ടയം 1, എറണാകുളം 6, തൃശൂർ 7, പാലക്കാട് 2, മലപ്പുറം 3, കോഴിക്കോട് 1, കണ്ണൂർ 3 എന്നിങ്ങനെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമായത്. ഇതൊരു വലിയ കാൽവയ്പ്പാണ്. അടിസ്ഥാനപരമായ മാറ്റമാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രാഥമിക തലം മുതൽ മെഡിക്കൽ കോളേജ് വരെ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവുമധികം ഊന്നൽ കൊടുത്തത് പ്രാഥമിക തലത്തിലാണ്. കാരണം അവിടെ ജനങ്ങളെ ശ്രദ്ധിക്കാനായാൽ തന്നെ ആരോഗ്യ മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കും. ഇത് മുന്നിൽ കണ്ടാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വലിയ സൗകര്യമൊരുക്കിയത്.
കോവിഡ് പശ്ചാത്തലത്തിൽ എല്ലാവരും സെൽഫ് ലോക് ഡൗൺ പ്രഖ്യാപിക്കണം. എല്ലാവരും കഴിവതും വീട്ടിലിരിക്കണം. ജോലിക്കോ മറ്റ് അത്യാവശ്യങ്ങൾക്കോ പോകേണ്ടവർ മാത്രം പുറത്തിറങ്ങണം. സ്വയം രോഗം പകരുന്ന സാഹചര്യവും മറ്റുള്ളവർക്ക് രോഗം പകർത്തുന്ന സാഹചര്യവും ഉണ്ടാക്കരുത്. ബുദ്ധിമുട്ടിക്കുന്ന കോവിഡ് വാർത്തകളാണ് ലോകത്തെമ്പാടുനിന്നും വരുന്നത്. പനി വന്ന് പോകുന്ന പോലെ ആരും കരുതരുത്. അത് വന്ന് കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടുണ്ടാക്കും. മരണം പോലും ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആശങ്ക വേണ്ടെങ്കിലും നല്ല ജാഗ്രത വേണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ എല്ലാവരും മുൻകരുതലുകളെടുക്കണമെന്നും മന്ത്രി പറഞ്ഞു.
രോഗ പ്രതിരോധത്തിന് ഊന്നൽ കൊടുക്കാത്തതിന്റെ ഫലം ഈ കോവിഡ് കാലത്ത് അനുഭവിക്കുന്നുണ്ട്. കോവിഡ് വന്നപ്പോൾ ഏറ്റവുമധികം മരണം ഇവിടെയുണ്ടാകുമെന്ന് പലരും പറഞ്ഞു. ജനസാന്ദ്രതയും വയോജനങ്ങളുടെ എണ്ണവും ജീവിതശൈലീ രോഗങ്ങളുമാണ് ഇതിന് പ്രധാന കാരണം. എന്നാൽ നമ്മുടെ ആരോഗ്യ സംവിധാനം കാരണം മരണം വളരെയേറെ കുറയ്ക്കാൻ സാധിച്ചു. വയോജനങ്ങളും മറ്റ് രോഗമുള്ളവരും കോവിഡ് ബാധിക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ മന്ത്രിമാരായ ഡോ. തോമസ് ഐസക്, എ.സി. മൊയ്തീൻ, കെ. രാജു, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ചീഫ് വിപ്പ് കെ. രാജൻ, മണ്ഡലാനുസരണം എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ ഓൺലൈൻ മുഖേന ഉദ്ഘാടനത്തിൽ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!