Section

malabari-logo-mobile

വിവരാവകാശം;വിവരം നല്കാത്ത മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ

HIGHLIGHTS : 37500 rupees fine for three officers who did not provide information

വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നല്കുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷൻ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്.ഡി. രാജേഷ് 20000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ 15000 രൂപയും ചവറ ബ്ലോക്ക്പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ വി. ലത 2500 രൂപയും പിഴയൊടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽഹക്കിമാണ് ഉത്തരവിട്ടത്.

കൊച്ചി കോർപ്പറേഷനിൽ എസ്.ഡി. രാജേഷ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരിക്കെ 2015 ഒക്ടോബറിൽ കെ ജെ വിൻസന്റ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്കിയില്ല. വിവരം നല്കാൻ കമ്മിഷൻ നിർദ്ദേശിച്ചിട്ടും നടപ്പാക്കിയില്ല. ഹിയറിംഗിന് വിളിച്ചിട്ടും ഹാജരായില്ല. കമ്മിഷൻ സമൻസ് അയച്ച് രാജേഷിനെ തലസ്ഥാനത്ത് വരുത്തുകയായിരുന്നു. വിൻസന്റ് ആവശ്യപ്പെട്ട വിവരങ്ങൾ ഏപ്രിൽ 13 നകം ഇപ്പോഴത്തെ ഓഫീസർ ലഭ്യമാക്കാനും കമ്മിഷൻ ഉത്തരവായി.

കൊണ്ടോട്ടി നഗരസഭയിൽ ബോബി ചാക്കോ പ്രവർത്തിച്ച 2022 ഏപ്രിലിൽ ചെറുവാടി ലക്ഷ്മി നല്കിയ അപേക്ഷക്ക് വിവരം നല്കിയില്ല, കീഴ് ജീവനക്കാരന്റെ മേൽ ചുമതല ഏല്പിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി എന്നിവയാണ് ഇദ്ദേഹത്തിന്റെ വീഴ്ചകൾ. ഒന്നാം അപ്പീൽ അധികാരിയുടെ നടപടികൾ കമ്മിഷൻ ശരിവച്ചിട്ടുമുണ്ട്. ഇരുവരും ഏപ്രിൽ 13 നകം പിഴയൊടുക്കി ചലാൻ കമ്മിഷന് സമർപ്പിക്കണം.

വിവരം നല്കാമെന്ന് അറിയിച്ച് പണം അടപ്പിച്ചശേഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിവരം നിഷേധിച്ചതിന് ചവറ ബ്ലോക്ക് പഞ്ചായത്ത് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി. ലത 2500 രൂപ പിഴ ഒടുക്കണം. 2018 കാലത്ത് ഇവർ പന്തളം നഗരസഭയിൽ പൊതു വിവരവിതരണ ഓഫീസറായിരുന്നപ്പോഴാണ് വീഴ്ച വരുത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!