വീട്ടിൽ ഒളിപ്പിച്ച 34 കിലോ കഞ്ചാവ് പിടികൂടി

കുറ്റ്യാടി : വസ്ത്രങ്ങളിലും ബാഗിലും പൊതിഞ്ഞ് വീട്ടിൽ ഒളിപ്പിച്ച 34.186 കിലോഗ്രാം കഞ്ചാവ് പിടികൂടി. പുത്തൻപുരയിൽ സുബൈറിന്റെ വീട്ടിൽനിന്നാണ് 16 കെട്ട് കഞ്ചാവ് കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അതിനാൽ അയൽവാ സികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വീട് തുറന്നാണ് പരിശോധിച്ചത്. മുണ്ട്, നൈറ്റി, ബാഗ് എന്നിവയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിലും മറ്റുമായാണ് കഞ്ചാവ് കെട്ടുകൾ സൂക്ഷിച്ചിരുന്നത്.

50 കിലോയോളം കഞ്ചാവ് കടത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കുറ്റ്യാടി എസ്ഐ പി ഷമീറിന്റെ നേതൃത്വത്തിൽ പൊലീസും ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുള്ള സ്പെഷൽ സ്ക്വാഡുമാണ് പരിശോധന നടത്തിയത്.

കഞ്ചാവ് തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചതാവാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കു ശേഷം ആരംഭിച്ച റെയ്ഡ് നടപടി വൈകിട്ടുവരെ തുടർന്നു. എസ്ഐ ഗോകുൽഹരി, എഎ ഐമാരായ കെ ഷാജു, സീമ, സിപിഒമാരായ ടി പി ദിലീഷ്, കെ ഇ അരുൺ, ബിജു എന്നിവർ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top