26 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പെരിന്തല്‍മണ്ണ: ജില്ലയിലെ കഞ്ചാവ് മാഫിയ സംഘത്തിലെ മുഖ്യ വിതരണക്കാരനെ 26 കിലേ കഞ്ചാവുമായി പെരിന്തല്‍മണ്ണ പോലീസ് അങ്ങാടിപ്പുറത്തുവെച്ച് അറസ്റ്റുചെയ്തു. താനാളൂര്‍ പകരയിലെ ചക്കിയത്ത് അലവി(42) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവ് മാര്‍ക്കറ്റില്‍ ആറുലക്ഷത്തോളം രൂപ വിലവരുന്നതാണ്.

വിതരണം നടത്തുന്നതിനായി ഇയാള്‍ വാടകയ്‌ക്കെടുത്ത ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വില്‍പ്പനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ആവശ്യപ്പെടുന്നതിനനുസരിച്ച് സാധനം എത്തിച്ചുകൊടുക്കുന്നത് അലവിയായിരുന്നു.

മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എംപി മോഹനചന്ദ്രന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

ജില്ലയില്‍ ചെറുകിട കച്ചവടക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഇയാള്‍ ആഴ്ചയില്‍ രണ്ടു തവണയായി സാധം എത്തിച്ചുകൊടുത്തിരുന്നതായി ഇയാള്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. താനാളൂര്‍ സ്വദേശിയായ ഇയാള്‍ കോട്ടക്കല്‍ എടരിക്കോട്ട് ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്.

ഇയാളെ 2009 ല്‍ മൂന്ന് കിലോ കഞ്ചാവുമായി പരപ്പനങ്ങാടി എക്‌സൈസും 2010 ല്‍ നാലുകിലോ കഞ്ചാവ് വാങ്ങി ആന്ധ്രയില്‍ നിന്നും മടങ്ങി വരവെ ചോടാ വാരം പോലീസിന്റെയും 2011 ല്‍ അഞ്ചു കിലോ കഞ്ചാവുമായി കോട്ടക്കല്‍ പോലീസിന്റെയും പിടിയിലായിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top