ധര്‍മപുരി ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ച് 2 മലപ്പുറം സ്വദേശികള്‍ മരിച്ചു

തിരൂര്‍: കര്‍ണാടക -തമിഴ്നാട് അതിര്‍ത്തിയില്‍ ഹൊസൂരിനടുത്ത് ധര്‍മപുരി ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ച് മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ രാമപുരം പനങ്ങാങ്ങര 38ലെ മേലേടത്ത് എം ബിന്‍ഷാദ് (ബിനു-25), ബംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ തിരൂര്‍ പയ്യനങ്ങാടി മച്ചിഞ്ചേരി വീട്ടില്‍ മുഹമ്മദ് നംഷി (23) എന്നിവരാണ് മരിച്ചത്.

രണ്ട് ബൈക്കുകളിലായി കൂട്ടുകാര്‍ക്കൊപ്പം വെള്ളി പുലര്‍ച്ചെ ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. ചായ കുടിക്കാന്‍ ബിന്‍ഷാദും നംഷിയും സഞ്ചരിച്ച ബൈക്ക് റോഡരികില്‍ നിര്‍ത്തിയപ്പോള്‍ നിയന്ത്രണംവിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹങ്ങള്‍ ധര്‍മപുരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ചു. മുഹമ്മദ് നംഷിയുടെ മൃതദേഹം ഇന്ന് രാവിലെ 8.30ന് തിരൂര്‍ കോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ബിന്‍ഷാദിന്റെ മൃതദേഹം പനങ്ങാങ്ങര റഹ്‌മാനിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കും.

ഇബ്രാഹിം-അരിപ്ര താവളേങ്ങല്‍ സുലൈഖ ദമ്പതികളുടെ മകനാണ് ബിന്‍ഷാദ്. സഹോദരി: റിന്‍ഷാ മോള്‍ (തിരൂര്‍ക്കാട് നസ്ര കോളേജ് വിദ്യാര്‍ഥിനി). കബീര്‍-ഹസനത്ത് ദമ്പതികളുടെ മകനാണ് മുഹമ്മദ് നംഷി. സഹോദരങ്ങള്‍: മുഹമ്മദ് നസീമുദ്ദീന്‍, മുഹമ്മദ് നഹീം, മുഹമ്മദ് നഫ്‌സല്‍, മുഹമ്മദ് നബ്ഹാന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top