ഒരേ റണ്‍വേയില്‍ ഒരേ സമയം 2 വിമാനങ്ങള്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

മുംബൈ വിമാനത്താവളത്തില്‍ തല നാരിഴയ്ക്ക് ഒഴിവായത് വന്‍ അപകടം. മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഒരേ സമയം രണ്ടു വിമാനങ്ങള്‍ എത്തുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റണ്‍വേയില്‍ തന്നെ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വന്‍ അപകടമാണ് ഒഴിവായത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നതായാണ് ഇന്‍ഡിഗോയുടെ വിശദീകരണം. സംഭവത്തില്‍ ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ രണ്ട് വിമാനങ്ങളും ഒരേ റണ്‍വേയില്‍ കാണാം. എയര്‍ ഇന്ത്യ ജെറ്റ് പറന്നുയര്‍ന്നു നിമിഷങ്ങള്‍ക്കകം ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇന്‍ഡിഗോ വിമാനം ഇന്‍ഡോറില്‍ നിന്ന് മുംബൈയിലേക്ക് എത്തിയതായിരുന്നു. എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്കാണ് ടേക്ക് ഓഫ് ചെയ്തത്.

ഇന്നലെയാണ് സംഭവം. ഇന്‍ഡോറില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം മുംബൈ വിമാനത്താവളത്തില്‍ എടിസി ലാന്‍ഡിംഗ് ക്ലിയറന്‍സ് നല്‍കിയെന്ന് ഇന്‍ഡിഗോ വ്യക്തമാക്കുന്നു. പൈലറ്റ് ഇന്‍ കമാന്‍ഡ് ലാന്‍ഡിംഗ് നടപടിക്രമങ്ങള്‍ തുടരുകയും എടിസി നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഞങ്ങള്‍ക്ക് പരമപ്രധാനമാണ്. നടപടിക്രമം അനുസരിച്ച് ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. ടേക്ക് ഓഫീന് അനുമതി ലഭിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെയും വിശദീകരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top