ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം, 3-ാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി

ദില്ലി: നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തത്. രാജ്‌നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിര്‍ത്തി. 5 പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്. നിര്‍മല സീതാരാമനും ജാര്‍ഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍. യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ പ്രസാദ, രവനീത് സിങ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി.

അമിത് ഷാ, എസ് ജയശങ്കര്‍, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍ എന്നിവര്‍ തുടരും. ശിവരാജ് സിങ് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും ക്യാബിനെറ്റിലെത്തി. ടി ഡി പിയുടെ രാം മോഹന്‍ നായിഡു, ജെ ഡി യുവിന്റെ ലല്ലന്‍ സിങ്, ലോക ജന്‍ ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍, ജെ ഡി എസിന്റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതന്‍ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള ക്യാബിനെറ്റ് മന്ത്രിമാര്‍. അനുരാഗ് ഠാക്കൂര്‍, സ്മൃതി ഇറാനി എന്നിവരാണ് ഇത്തവണ മന്ത്രിസ്ഥാനം കിട്ടാതെ പോയ പ്രമുഖര്‍. തര്‍ക്കങ്ങളെ തുടര്‍ന്ന് എന്‍ സി പി മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തില്ല. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ആയിരങ്ങളെ സാക്ഷിയാക്കി രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുന്നില്‍ മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് വീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാരാണ് എത്തിയത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വിദേശ ഭരണാധികാരികള്‍. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എത്തി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി എന്നവരും പങ്കെടുത്തു. ബോളിവുഡ് സിനിമാ താരങ്ങളായ ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, രജനീകാന്ത് തുടങ്ങി പ്രമുഖരും മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞക്ക് സാക്ഷികളായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top