കോഴിക്കോട് ജില്ലയില്‍ 18 ക്യാംപുകള്‍ കൂടി ഒഴിവാക്കി, പുഴകളിലെ ജലനിരപ്പ് താഴ്ന്നു, കക്കയം ഡാം അടച്ചു

HIGHLIGHTS : 18 more camps evacuated in Kozhikode district, water level in rivers reduced, Kakkayam dam closed

കോഴിക്കോട്: ജില്ലയില്‍ മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് 17 ദുരിതാശ്വാസ ക്യാംപുകള്‍ കൂടി ഒഴിവാക്കി. ക്യാംപുകളിലുള്ളവര്‍ സ്വന്തം വീടുകളിലേക്കോ ബന്ധുവീടുകളിലേക്കോ മടങ്ങി. നിലവില്‍ 26 ക്യാംപുകളിലായി 1642 പേരാണ് ജില്ലയിലുള്ളത്. കോഴിക്കോട് താലൂക്കിലാണ് കൂടുതല്‍ ക്യാംപുകള്‍ ഒഴിവാക്കിയത്. ഇവിടത്തെ ക്യാംപുകളുടെ എണ്ണം 13ല്‍ നിന്ന് നാലായി കുറഞ്ഞു. നിലവില്‍ 9 കുടുംബങ്ങളില്‍ നിന്നായി 28 പേര്‍ മാത്രമാണ് കോഴിക്കോട് താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.

10 ക്യാംപുകളുണ്ടായിരുന്ന കൊയിലാണ്ടിയില്‍ നിലവില്‍ മൂന്ന് ക്യാംപുകളിലായി 63 കുടുംബങ്ങളില്‍ നിന്നുള്ള 195 പേര്‍ കഴിയുന്നുണ്ട്. വടകര താലൂക്കില്‍ രണ്ട് ക്യാംപുകളാണ് ഇന്നലെ ഒഴിവാക്കിയത്. നിലവില്‍ 268 കുടുംബങ്ങളില്‍ നിന്നുള്ള 778 പേര്‍ എട്ട് ക്യാംപുകളിലുണ്ട്. ഇവരില്‍ 562 പേരും വിലങ്ങാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനായി ആരംഭിച്ച മൂന്ന് ക്യാംപുകളിലുള്ളവരാണ്.

sameeksha-malabarinews

അതേസമയം, താമരശ്ശേരി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാംപ് കൂടി ഇന്നലെ ആരംഭിച്ചു. കിഴക്കോത്ത് വില്ലേജിലെ പാലോറമലയില്‍ മണ്ണിടിച്ചില്‍ സാധ്യത പരിഗണിച്ച് അടിവാരത്തില്‍ താമസിക്കുന്ന 13 കുടുംബങ്ങളില്‍ നിന്നുള്ള 25 പേരെ സമീപത്തെ പന്നൂര്‍ ഗവ. ഹൈസ്‌കൂളിലേക്ക് മാറ്റിയതോടെയാണിത്. നിലവില്‍ 11 ക്യാംപുകളിലായി 242 കുടുംബങ്ങളില്‍ നിന്നുള്ള 641 പേരാണ് കഴിയുന്നത്.

അതിനിടെ, കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും താല്‍ക്കാലികമായി അടച്ചു. ഡാമിലെ ജലനിരപ്പ് ഇപ്പോഴും റെഡ് അലേര്‍ട്ട് നിരപ്പില്‍ തന്നെ തുടരുന്നതിനാല്‍ നീരൊഴുക്ക് കൂടുന്ന പക്ഷം വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്നും തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജില്ലയിലെ പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍ പുഴ, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ എന്നിവയിലെല്ലാം ജലനിരപ്പ് കുറഞ്ഞതായും അധികൃതര്‍ അറിയിച്ചു.

എകരൂല്‍- കക്കയം ഡാം റോഡില്‍ കക്കയം ടൗണ്‍ മുതല്‍ ഡാം വരെയുള്ള ഭാഗങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നത് പതിവായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!