പ്രണയം നിരസിച്ചതിന് കുത്തി കൊലപ്പെടുത്താന്‍ ശ്രമം; പെരിന്തല്‍മണ്ണയില്‍ യുവാവിനെ ധീരമായി നേരിട്ട് 14 കാരി

പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിലുള്ള വിരോധത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ 22 വയസ്സുകാരനെ ധീരമായി നേരിട്ട് 14 വയസ്സുകാരി. കത്തിയുമായി പിന്തുടര്‍ന്ന് കുത്താനെത്തിയ യുവാവിനെ പെണ്‍കുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. യുവാവിനെ തള്ളിയിട്ടതിനാല്‍ പെണ്‍കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട്ടായിരുന്നു സംഭവം. മണ്ണാര്‍മല സ്വദേശി ജിനേഷിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്. കുറച്ച് കാലമായി പെണ്‍കുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവച്ച് തടഞ്ഞുനിര്‍ത്തി കുത്താന്‍ ശ്രമിക്കുകയായിരുന്നു.

കുത്താന്‍ ശ്രമിക്കുന്നതു കണ്ട് പെണ്‍കുട്ടി യുവാവിനെ പിടിച്ചു തള്ളി. നിലത്തുവീണ യുവാവിന്റെ കയ്യില്‍നിന്ന് കത്തി തെറിച്ചുപോയി. പെണ്‍കുട്ടി ബഹളംവെച്ച് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം വന്ന വാഹനത്തില്‍ തട്ടി ഇയാളുടെ കൈക്ക് പരുക്കേറ്റു. തുടര്‍ന്ന് പൊലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്സോ വകുപ്പുകളും പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top