HIGHLIGHTS : 100K Malappuram Coders: Convocation of first batch tomorrow
മലപ്പുറം : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും അതി നൂതന സാങ്കേതിക വിദ്യയുടെയും പുതിയ ലോകത്തേക്ക് മലപ്പുറത്തെ വിദ്യാര്‍ത്ഥികളെ കൈ പിടിച്ചാനയിക്കുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ 100 കെ മലപ്പുറം കോഡേഴ്സ് പദ്ധതിയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ പ്രഥമ ബാച്ചിന്റെ കോണ്‍വൊക്കേഷന്‍ നാളെ (ജനുവരി 12 വ്യാഴം ) രാവിലെ 10 മണിക്ക് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും.
കോണ്‍വൊക്കേഷന്‍ പ്രോഗ്രാം ഡോ. ശശി തരൂര്‍ എം. പി ഉത്ഘാടനം ചെയ്യും. കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലികുട്ടി മുഖ്യാതിഥിയാവും. എം. എല്‍. എ മാരായ പി. ഉബൈദുല്ല, എ. പി. അനില്‍കുമാര്‍, പി. നന്ദകുമാര്‍, മലപ്പുറം നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി സംബന്ധിക്കും.

ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പഠനത്തോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, റോബോട്ടിക്, ബ്ലോക്ക് ചെയിന്‍, 3 ഡി പ്രിന്റിംഗ് തുടങ്ങിയ അതിനൂതന സാങ്കേതിക വിദ്യകളില്‍ സൗജന്യമായി പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ആധുനിക വിവര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വേറിട്ട മാതൃകയായ പദ്ധതി മലപ്പുറം ഇ ഡാപ്റ്റ് ലേണിംഗ് അപ്ലിക്കേഷനുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഇത്തരമൊരു പദ്ധതി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്നത്. അതിവേഗത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ മലപ്പുറത്തെ പുതിയ തലമുറയെ സജ്ജമാക്കുന്നതിനുള്ള സവിശേഷമായ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷമാണ് തുടക്കം കുറിച്ചത്. അമ്പത്തിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇതിനോടകം പദ്ധതിയുടെ ഭാഗമായത്.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി കോഴ്‌സ് പൂര്‍ത്തിയാക്കിയ ആദ്യത്തെ 1000 വിദ്യാര്‍ത്ഥികളാണ് കോണ്‍വൊക്കേഷനില്‍ പങ്കെടുക്കുക.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കുട്ടികളിലേക്ക് കോഴ്‌സ് എത്തിക്കുന്നതിനും പുതിയ നൂറ്റാണ്ടിന്റെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നടക്കാന്‍ ജില്ലയിലെ കുട്ടികളെ പ്രാപ്തരാക്കുന്നതിനുമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എം. കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം എന്നിവര്‍ അറിയിച്ചു.