സ്‌കൂള്‍ കലോത്സവം: സ്വര്‍ണ കപ്പ് ജില്ലയിലെത്തി

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാംപ്യന്‍മാരാകുന്ന ജില്ലക്ക് നല്‍കാനുള്ള 117.5 പവന്റെ സ്വര്‍ണ കപ്പ് എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.ഉബൈദുള്ള എം.എല്‍.എയും ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ യും ചേര്‍ന്ന് ഏറ്റുവാങ്ങി. ജില്ലാ അതിര്‍ഥിയായ ഐക്കരപ്പടിയില്‍ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്റ്റര്‍ പി. ഗൗരിയില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടും സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലവും ചേര്‍ന്ന് കപ്പ് സ്വീകരിച്ചു.
53 ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ പ്രതീകമായി 53 ബൈക്കുകളുടെയും ബാന്‍ഡ് വാദ്യത്തിന്റെയും അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് കപ്പ് മലപ്പുറത്തെത്തിച്ചത്.പുളിക്കല്‍, കൊണ്ടോട്ടി, പി.പി.എം.എച്ച്.എസ്.എസ് കൊട്ടൂകര, വി.എം.എച്ച്.എച്ച്.എസ്.എസ് മൊറയൂര്‍, എം.ഐ.സി അത്താണിക്കല്‍, ഗവ. എച്ച്.എസ്.എസ് പൂക്കോട്ടൂര്‍, എം.എം.ഇ.റ്റി. മേല്‍മുറി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.
എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്വീകരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ്, ജില്ലാ പൊലീസ് മേധാവി കെ. സേതുരാമന്‍, നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ, ഡി.ഡി.ഇ കെ.സി ഗോപി, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം, കണ്‍വീനര്‍ കെ.കെ മുഹമ്മദ് മാസ്റ്റര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top