Section

malabari-logo-mobile

ലോകകപ്പ് ഫുട്ബാള്‍: ഖത്തറിന് പിന്തുണയുമായി ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫഡറേഷന്‍

HIGHLIGHTS : ദോഹ: 2022 ലോകകപ്പ് സംഘടിപ്പിക്കുന്നതിന് ഖത്തറിന് ശക്തമായ

ദോഹ: 2022 ലോകകപ്പ് സംഘടിപ്പിക്കുന്നതിന് ഖത്തറിന് ശക്തമായ പിന്തുണയുമായി ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ രംഗത്ത്. ഫിഫ ലോകകപ്പ് നല്ല രീതിയില്‍ സംഘടിപ്പിക്കാനുള്ള ശേഷിയും സംഘാടന കരുത്തും ഖത്തറിനുണ്ടെന്നാണ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ വിലയിരുത്തല്‍. കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയാണ് കഴിഞ്ഞ ദിവസം ഖത്തറിന് ശക്തമായ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ഖത്തറിന് ലഭിച്ച ലോകകപ്പ് ഫുട്ബാള്‍ മത്സര സമയം മാറ്റുന്നതിനും വേദി തന്നെ മാറ്റുന്നതിനും ചില കോണുകളില്‍ നിന്ന് നീക്കം നടക്കുന്നതിനിടെയാണ് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
ഫിഫയുടെ നേതൃത്വത്തില്‍ ആഡംബര പ്രൗഡിയുള്ള ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുമെന്നാണ് ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെ പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ഒരു ഏഷ്യന്‍ രാജ്യം ലോകകപ്പിന് ആതിഥ്യമരുളുക. ഏഷ്യയുടെ പ്രൗഢി ഖത്തര്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. എല്ലാവര്‍ക്കും അനുയോജ്യമായ നല്ല തീരുമാനം ഫിഫ എടുക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിലെ കനത്ത ചൂടില്‍ മത്സരം നടത്താനാകില്ലെന്നും ശൈത്യകാലത്തേക്ക് മാറ്റാനാകുന്നില്ലെങ്കില്‍ വേദി മാറ്റണമെന്നും ഇയ്യിടെ ഇംഗ്ലീഷ് ഫുട്ബാള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഗ്രെഗ് ഡെയ്ക് അഭിപ്രായപ്പെട്ടിരുന്നു. അതിനു പിന്നാലെ മത്സരം ചൂടുകാലത്ത് നടത്താനാവില്ലെന്ന് ഫിഫ വൈസ് പ്രസിഡന്റ് ജിം ബോയ്‌സും പറഞ്ഞിരുന്നു. എന്നാല്‍ ഏത് സമയത്ത് മത്സരം നടത്തുന്നതിനും തങ്ങള്‍ ഒരുക്കമാണെന്നു ഖത്തര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഡിയങ്ങള്‍ തണുപ്പിക്കുന്ന ആധുനിക സംവിധാനങ്ങള്‍ ലോകകപ്പിന് ഉപയോഗപ്പെടുത്തുമെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് 2022 ലോകകപ്പ് ഖത്തര്‍ സ്വന്തമാക്കിയത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!