Section

malabari-logo-mobile

മാധ്യമരാജാവ് എത്തുന്നു: മാതൃഭൂമിയുടെ കൈപിടിച്ച്………

HIGHLIGHTS : ലോകത്ത് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ടൈസ് ഓഫ് ഇന്ത്യ കേരളത്തിലേക്ക് എത്തുന്നു. ഈ വരവ് ഒറ്റക്കല്ല, മാതൃഭൂമിയുമായി ചേര്‍ന്നാണ് മലയാളി വായനക്കാരന്റെ...

ലോകത്ത് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ടൈസ് ഓഫ് ഇന്ത്യ കേരളത്തിലേക്ക് എത്തുന്നു. ഈ വരവ് ഒറ്റക്കല്ല, മാതൃഭൂമിയുമായി ചേര്‍ന്നാണ് മലയാളി വായനക്കാരന്റെ മനസ്സിലിടം പിടിക്കാനെത്തുന്നത്. മലയാളിയുടെ ഇംഗ്ലീഷ് പത്രങ്ങളോടുള്ള കാഴ്ചപ്പാട് മാറ്റിമറിക്കാന്‍ ടൈസ് ഓഫ് ഇന്ത്യക്ക് സാധിക്കുമോ?. ഇതിനൊരുത്തരം കൂടിയാകും മാതൃഭൂമിയും ടൈസ് ഓഫ് ഇന്ത്യയും ചേര്‍ന്ന് ഒരുക്കുന്ന ഇരട്ടപത്രം തുടങ്ങുന്നതോടെ ഉണ്ടാവാന്‍ പോകുന്നത്.
മലയാളി ഏറ്റവും അധികം പത്രങ്ങള്‍ വായിക്കുന്നവരാണെങ്കിലും ഇംഗ്ലീഷ് പത്രങ്ങളോട് പൊതുവേ ആഭിമുഖ്യം കാണിക്കാില്ല. ഇംഗ്ലീഷ് പത്രങ്ങള്‍ കോയമ്പത്തൂരും മറ്റും അച്ചടിച്ച് കേരളത്തിലേക്ക് വില്‍പനക്കെത്തിക്കുന്ന രീതിയാണ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്. ചെറുവിമാനങ്ങള്‍ ഇംഗ്ലീഷ് പത്രക്കെട്ടുകള്‍ നാട്ടിന്‍പുറത്ത് വിതരണം ചെയ്യുന്നത് അന്നത്തെ അത്ഭുത കാഴ്ചയായിരുന്നു. അവസാനമായി കേരള വിപണിയിലെത്തിയ ദക്ഷിണേന്ത്യയിലെ മികച്ച പത്രങ്ങളില്‍ ഒന്നായ ബാഗ്ലൂര്‍കാരന്‍ ഡെക്കാന്‍ ക്രോണിക്കളിന് പോലും ഒരു ചലനവും ഇവിടെ ഉണ്ടാക്കാനായില്ല.
2011 ലെ ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വ്വേയും കേരളത്തിലെ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് ആശ്വാസമായ കണക്കുകളല്ല നിരത്തുന്നത് നിലവില്‍ ഇവിടെ പ്രചാരത്തിലുള്ള ദി ഹിന്ദു, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് എന്നീ പത്രങ്ങളുടെ കേരളത്തിലെ വളര്‍ച്ചനിരക്ക് താഴേക്കാണെന്നാണ്.
നാല് ലക്ഷത്തില്‍ താഴെ വരിക്കാര്‍ മാത്രമാണ് കേരളത്തില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്കുള്ളത്. സാധ്യതയോ, ഇംഗ്ലീഷ് വായിക്കാനറിയാവുന്ന 60 ലക്ഷം പേരിലും. ഇവര്‍ക്കിടയിലേക്കാണ് ടൈംസ് ഓഫ് ഇന്ത്യ ഇടം കണ്ടെത്താന്‍ ഒരുങ്ങുന്നത്. അതിനവര്‍ കണ്ടെത്തിയതോ, മാതൃഭൂമിയോട് ചേര്‍ന്ന് ഒരു കോംബോ പത്രവും.അഞ്ച് രൂപയ്ക്ക് രണ്ടു പത്രം എന്ന ആകര്‍ഷകമായ ഓഫറിലായിരിക്കും ഈ പത്രങ്ങള്‍ ഇറങ്ങുക എന്നാണ് കരുതപ്പെടുന്നത്. മാതൃഭൂമിക്കൊപ്പം ഫ്രീയായും കുറച്ച് ദിവസം ടൈംസ് നല്‍കാന്‍ ആലോചനയുണ്ടെന്നാണ് അറിവ്. മാതൃഭൂമിയുടെ പല പ്രിന്റിംഗ് പ്രസ്സുകളും തയ്യാറെടുപ്പിന്റെ ഭാഗമായി ടൈംസ് ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഗുണനിലവാരം ഉയര്‍ത്തുന്നതിനായി പല പ്രസ്സുകളിലും മിഷണറികള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു. പത്രത്തിന്റെ ഗുണനിലവാരത്തിലും ടൈംസിന് അഭിപ്രായ വ്യത്യാസമുണ്ട്. മാതൃഭൂമിയുടെ നിലവിലെ 10,000 ത്തിലധികമുള്ള ഏജന്റുമാരിലൂടെ തന്നെയാണ് ടൈംസും വായനക്കാരിലെത്തുക. മുന്‍പ് ദില്ലിയില്‍ ഹിന്ദി പത്രമായ നവഭാരത് ടൈംസും, ടൈംസ് ഓഫ് ഇന്ത്യയും ചേര്‍ന്ന് 75 രൂപയ്ക്ക് കോംബോ ഓഫര്‍ നല്‍കി വിജയിച്ച കഥയും ടൈംസിനുണ്ട്.
പത്രത്തിന്റെ വിലയില്‍ വരുന്ന മാറ്റം കേരളത്തില്‍ ഒരു പ്രൈസ് വാറിനുള്ള കളമൊരുക്കും എന്നു തന്നെയാണ് മാധ്യമരംഗത്തെ ബിസിനസ്സ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ കരാര്‍ മാതൃഭൂമിക്കും, ടൈംസിനും ഒരേ പോലെ ഗുണം ചെയ്യുമെന്ന് ഇവര്‍ കരുതുന്നു.
മാതൃഭൂമിക്ക് കൂടുതല്‍ പരസ്യങ്ങള്‍ ലഭിക്കുന്നതിനോടൊപ്പം മാതൃഭൂമിയുടെ വരാനിരിക്കുന്ന ചാനലിനും ഗുണകരമാകുന്ന രീതിയില്‍ ടൈംസ് ചാനലിനെ ഉപയോഗപ്പെടുത്തുമെന്നും കണക്കു കൂട്ടുന്നു.
ഇതിന് ബദലായി മനോരമയും ദ ഹിന്ദുവും അണിയറയില്‍ ഒരു കോംബോ പത്രത്തിന്റെ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു എന്ന സംസാരമുണ്ട്.
വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള കേരള ജനത അരാഷ്ട്രീയ മധ്യവര്‍ഗ്ഗ താല്‍പര്യമുള്ള ഉത്തരേന്ത്യന്‍ നഗരവാസികളുടെ ഇഷ്ട പത്രത്തെ അത്രത്തോളം ഇഷ്ടപ്പെടുമോ എന്ന് കണ്ടറിയണം.ടൈംസിന്റെ ദേശീയപ്രതിഛായായും, റീഡേഴ്‌സ്ഫ്രണ്ട്‌ലി എന്നതുമാണ് ഹൈലൈറ്റ്.
എന്തു തന്നെയായാലും വായനക്കാര്‍ക്ക് ഗുണകരമായ ഒരു മാറ്റം ആണ് നാം പ്രതീക്ഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!